Skip to main content

ഖര മാലിന്യ സംസ്‌കരണം; ആലോചനായോഗം ചേർന്നു

 

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിനുള്ള ഖര മാലിന്യ സംസ്‌കരണ പദ്ധതി തയാറാക്കുന്നതിനായി കൂടിയാലോചന യോഗം ചേർന്നു. സമഗ്രമായ ഖര മാലിന്യ പരിപാലന രൂപരേഖ തയാറാക്കുന്നതിനുള്ള കൂടിയാലോചന യോഗം നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജൈവ-അജൈവ  മാലിന്യങ്ങൾ, നിർമാണവും പൊളിച്ചു മാറ്റലും മൂലം ഉണ്ടാകുന്ന മാലിന്യങ്ങൾ എന്നിവയടക്കം  എല്ലാത്തരം  മാലിന്യങ്ങളുടെയും  ശേഖരണവും സംസ്‌കരണവും ഉറപ്പാക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന  യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് സോഷ്യൽ എക്‌സ്പർട്ട് ബിനു ജോർജ് വിഷയവതരണം നടത്തി. നഗരസഭാംഗങ്ങളായ എസ്. കെ. നൗഫൽ, അൻസർ പുള്ളോലിൽ, ഡോ. സഹ്‌ല ഫിർദൗസ്, ഡെപ്യൂട്ടി ടൗൺ പ്ലാനർ സുധു പി. സുകുമാർ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എൻജിനീയർ സിമി റോസ്, വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ ഖാദർ, എന്നിവർ പ്രസംഗിച്ചു.

date