Skip to main content

കർഷകരെ രാഷ്ട്രസേവകരായി പ്രഖ്യാപിക്കണം; വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി

 

140 കോടി ജനങ്ങൾക്ക് അന്നം നൽകുന്ന കർഷകരെ രാഷ്ട്രസേവകരായി പ്രഖ്യാപിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറ്ദിന കർമ്മ പരിപാടിയുടെ ഭാഗമായി മറൈൻഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിലെ 'ആധുനിക കൃഷി സമ്പ്രദായം സഹകരണ മേഖലയുടെ ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും മികച്ച പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സഹകരണ വകുപ്പ് മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ലാഭത്തിലെ ഒരുവിഹിതം കർഷകർക്ക് അവകാശപ്പെട്ടതാണ്, അതിനുവേണ്ടി പ്രത്യേക നികുതി ചുമത്തി കാർഷിക ബഡ്ജറ്റ് കൊണ്ടുവരണം. പുതിയ കൃഷിരീതികളിലൂടെ ഉത്പാദനം വർദ്ധിപ്പിക്കണം. ശാസ്ത്രീയമായി കൃഷി ചെയ്താൽ സമ്പദ്ഘടനയിൽ വലിയ മാറ്റം സൃഷ്ടിക്കാനാകും, കേന്ദ്രസർക്കാരിന്റെ കാർഷിക നയത്തിൽ മാറ്റം വരുത്തണമെന്നും വാട്ടർ ഫേർട്ലൈസറിന് സബ്സിഡി നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഹരിതവിപ്ലവം കാർഷിക മേഖലയിലെ ഒരു വലിയ കുതിച്ചുചാട്ടമായിരുന്നു. ശാസ്ത്രീയ രീതി അവലംമ്പിച്ചുള്ള കൃഷിരീതി നമുക്ക് ആവശ്യമാണെന്നും  സാമ്പത്തികമായി വിജയിക്കണമെങ്കിൽ ഉത്പാദനം വർദ്ധിപ്പിച്ച് ഉത്പാദനചെലവ് കുറയ്ക്കണമെന്നും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. പ്രേമ പറഞ്ഞു.

  ചർച്ചയിൽ ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായർ,  ഡോ. പ്രേമ,( പ്രൊഫസർ  & ഹെഡ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി), സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് എസ്.എസ് നാഗേഷ്,  കർഷക അവാർഡ് ജേതാവ് ഷിമി ഷാജി,  കഞ്ഞിക്കുഴി എസ്.സി.ബി പ്രസിഡന്റ് അഡ്വ. സന്തോഷ്, അസിസ്റ്റന്റ് രജിസ്ട്രാർ എം.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

date