Skip to main content

കോട്ടുവള്ളിയിൽ മില്ലറ്റ് വേൾഡ് പദ്ധതിക്ക് തുടക്കമായി

 

2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ചെറു ധാന്യകൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾ ആരംഭിച്ചു. മില്ലറ്റ് വേൾഡ് പദ്ധതി എന്ന പേരിൽ ഗ്രാമ പഞ്ചായത്തിലെ തരിശായി കിടക്കുന്ന മുഴുവൻ കൃഷിയിടങ്ങളിലും ചെറുധാന്യകൃഷി വ്യാപിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും. മുൻപ് ഗ്രാമങ്ങളിൽ ധാരാളം ചെറു ധാന്യങ്ങൾ കൃഷി ചെയ്തിരുന്നു. പൊക്കാളിപ്പാട ങ്ങളുടെ ചിറകളിൽ റാഗിയും  മണിച്ചോളവും ധാരാളം കൃഷി ചെയ്തിരുന്നു. എന്നാൽ ഇന്ന് അവ വംശനാശ ഭീഷണിയുടെ വക്കിലാണ്. അവയെ മില്ലറ്റ് വേൾഡ് പദ്ധതിയിലൂടെ തിരിച്ചു കൊണ്ടുവരുവാനുള്ള പരിശ്രമത്തിലാണ്
കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും. കോട്ടുവള്ളിയിലെ ഉപ്പു കലർന്ന മണൽ മണ്ണിൽ ചെറുധാന്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തപ്പോൾ നൂറുമേനി വിളവുലഭിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് ചെറു ധാന്യകൃഷി വ്യാപിപ്പിക്കുകയും, കൃഷിയിടങ്ങളിൽ വിളയുന്ന ചെറു ധാന്യങ്ങൾ സംസ്ക്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനായി പ്രാർത്ഥനാ ഫൗണ്ടേഷന്റെയും  ജൈവരാജ്യം ഓർഗാനിക് ഫാമിന്റെയും  സഹകരണത്തോടെ മില്ലറ്റ് പ്രോസസിംഗ് സെന്ററും മില്ലറ്റ് അടുക്കളയും സ്ഥാപിക്കുവാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. അട്ടപ്പാടിയിലെ കർഷകർ വിളയിച്ച ചെറുധാന്യങ്ങളാണ് കോട്ടുവള്ളിയിൽ കൃഷി ചെയ്യുന്നത്. 

കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ നടന്ന വിത്തുവിത കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ മില്ലറ്റ് ഉൽപ്പാദിപ്പിക്കുന്ന പഞ്ചായത്തായി കോട്ടുവള്ളിയെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, ഗ്രാമപഞ്ചായത്തംഗം ജിജോ തോട്ടകത്ത്, ഫാദർ. ജോഷി ക്കോഴിക്കോട് ചാവറ സി എം ഐ, പ്രാർത്ഥനാ ഫൗണ്ടേഷൻ വോളന്റിയർ ജയകൃഷ്ണൻ. കൃഷി അസിസ്റ്റൻ്റു മാരായ എസ്.കെ. ഷിനു, എ.എ. അനസ്, കൂനമ്മാവ് സെന്റ്. ട്രീസാസ് കോൺവെന്റ് മദർസുപീരിയർ സിസ്റ്റർ ജിൻസിജ, ചാവറ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിത, ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്റർ പ്രിൻസിപ്പൽ സിസ്റ്റർ ജയ മരിയ, കാർഷിക വികസന സമിതി അംഗങ്ങളായ എൻ. സോമസുന്ദരൻ, കെ.ജി. രാജീവ്, ഷാജു മാളോത്ത് രാജു, ജോസഫ് വാഴുവേലിൽ, കർഷകർ വിദ്യാർത്ഥികൾ, അദ്ധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date