Skip to main content

സഹകരണ എക്സ്പോ സെമിനാർ :  കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ കൈവരിച്ച മുന്നേറ്റങ്ങൾ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ

 

ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനും ഊന്നൽ നൽകികൊണ്ടുള്ള സഹകരണമേഖലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സംസ്ഥാന സർക്കാരാണെന്ന് 
 കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ. പറഞ്ഞു. സഹകരണ എക്‌സ്‌പോയുടെ ഭാഗമായി  ' കേന്ദ്ര സർക്കാർ ഇടപെടലുകളും സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും കാഴ്ച്ചപ്പാടുകളുടെയും  പ്രവർത്തന മാതൃകകളുടെയും പരിച്ഛേദമാണ് കേരളം.  കാർഷിക വായ്പ പ്രവർത്തനം മുതൽ ഏറ്റവും പുതിയ ആധുനിക വിവരസാങ്കേതികവിദ്യ മേഖലകളിൽ ഉൾപ്പെടെ സഹകരണ പ്രസ്ഥാനം കർമ്മനിരതമാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുൾപ്പെടുന്നതിനാലാണ് ഇത്തരം നേട്ടങ്ങൾ കൈവരിക്കാനായതെന്നും വികസനത്തിന്റെ കേരളാ മോഡൽ സാധ്യമാക്കുന്നതിൽ സഹകരണ മേഖല വഹിച്ച് പങ്ക് സ്തുത്യാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ ഫെഡറൽ തത്വത്തിന്റെ അന്തസത്തയെ മറികടന്നുകൊണ്ട് കേന്ദ്ര സർക്കാർ സഹകരണമേഖലയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റം ലക്ഷ്യമിട്ടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു . 

കൺസ്യൂമർഫെഡ് ചെയർമാൻ 
എം. മെഹബൂബ് തയ്യാറാക്കിയ പ്രബന്ധം 
റിട്ട. ജോയിന്റ് രജിസ്ട്രാർ ബി. ഉണ്ണികൃഷ്ണൻ  സെമിനാറിൽ അവതരിപ്പിച്ചു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന് യോജിച്ച രീതിയിൽ സഹകരണ നിയമവും ചട്ടങ്ങളും രൂപികരിക്കുന്നതിനുള്ള നിയമപരമായ അവകാശവും ഉത്തരവാദിത്വവും സംസ്ഥാനങ്ങളുടെതാണ്. അതിന്മേലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റം സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും രാജ്യത്തിന്റെ സഹകരണ മേഖലയിൽ 65 ശതമാനത്തോളം കേരളത്തിന്റെ സംഭാവനയാണ്. ഈ നേട്ടം കൈവരിക്കാൻ സഹകരണപ്രസ്ഥാനങ്ങളെ പ്രാപ്തമാക്കിയത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ എം. എൽ. എ. ശശികുമാർ, തിരുവനന്തപുരം എസ്. എൻ. കോളേജ് അസി. പ്രൊഫസർ ഡോ. എ.ജെ. ലക്ഷ്മി, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി വി. ജയപ്രകാശ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

date