Skip to main content
പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്നത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ 

പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്നത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ 

 

പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്നത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന്  പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.  മടപ്പള്ളി ജിഎച്ച്എസ്എസില്‍  വിവിധ പദ്ധതികളുടെ  ഉദ്ഘാടനവും വാര്‍ഷികാഘോഷ യാത്രയയപ്പ് പരിപാടികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 74  സ്‌കൂള്‍ കെട്ടിടങ്ങളാണ് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുന്നത്.  
സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെ 113 കോടി 21 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മൂന്നു കോടി കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഹയര്‍സെക്കണ്ടറി ലാബ്, ഹൈസ്‌ക്കൂള്‍ ക്ലാസ് സമുച്ചയം, മുന്‍ എംഎല്‍എ സി.കെ നാണുവിന്റെ കാലത്ത് അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ലൈബ്രററി എന്നിവയുടെ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്. ചടങ്ങില്‍ കെ.കെ രമ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സി.കെ നാണു മുഖ്യാതിഥിയായി. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു. 

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍ എന്നിവര്‍ പ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി.  ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യു.എം സുരേന്ദ്രന്‍, മെമ്പര്‍മാരായ ബിന്ദു വള്ളില്‍ എന്നിവര്‍ സംസാരിച്ചു.  മടപ്പള്ളി ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ്  പി മനോജന്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പൽ ജയരാജന്‍ നാമത്ത് നന്ദിയും പറഞ്ഞു.

date