Skip to main content

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തം: മന്ത്രി ആന്റണി രാജു

 

സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ടുപോകുന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മറൈൻഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോ വേദിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരവതരമായ രീതിയിലാണ് സഹകരണ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. മേള സംസ്ഥാനവ്യാപകമായി എല്ലാ മേഖലകളെയും തൊട്ടുണർത്തിയിട്ടുണ്ട്. കേരളത്തിൽ പിന്നോട്ട് പോകാനിടയുള്ള മേഖലകളെ കൂടി സഹകരണ രംഗത്തേക്ക് കൊണ്ടുവന്നു ശക്തിപ്പെടുത്തണമെന്നും കാലഘട്ടത്തിന് അനുസൃതമായി സഹകരണ മേഖല മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മെയ് രണ്ടിന് ആരംഭിക്കുന്ന സംസ്ഥാന അദാലത്തുകൾ ആയിരക്കണക്കിന് ജനങ്ങളുടെ കാത്തിരിപ്പിന് പരിഹാരം കാണും. മന്ത്രിമാർ തന്നെ മുന്നിട്ടിറങ്ങി എല്ലായിടത്തും ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ  പ്രത്യേകത. ഏറ്റവും പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുന്നുണ്ടെന്നും 64000 പേരുടെ അതിദാരിദ്ര്യം അവസാനിപ്പിക്കാൻ സർക്കാർ കർമ്മപദ്ധതി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.

കയർ, കൈത്തറി, മത്സ്യ മേഖലകളിൽ ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. നൂതനമായ സംവിധാനങ്ങളുടെ സഹായത്തോടെ പരിഷ്കരിക്കണം. മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ മാറ്റത്തിന് വലിയ പ്രതീക്ഷ നൽകും. കലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിന്  നിരോധനം ഏർപ്പെടുത്തുന്ന സമയത്ത് മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വിദ്യാർത്ഥികളുടെ യൂണിഫോമിന് കൈത്തറിത്തുണികൾ നിർബന്ധമാക്കിയത് കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ മികച്ച തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ വ്യവസായ സംരക്ഷണത്തിനു വേണ്ട സഹായങ്ങൾ നൽകുന്നുണ്ട്. കാലത്തിനനുസരിച്ചുള്ള വൈവിധ്യവത്ക്കരണം വ്യവസായത്തിൽ കൊണ്ടുവരണം.  പൊതുമേഖലയും സഹകരണ മേഖലയും കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ച് മുന്നോട്ടുപോകണം. 

"കയർ, കൈത്തറി, ഫിഷറീസ്, വ്യവസായ സഹകരണ സംഘങ്ങളുടെ വികസനത്തിന് ഒരു കർമ്മ പദ്ധതി" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ  ചിത്തരഞ്ജൻ എം.എൽ.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സിജി തോമസ് വൈദ്യൻ (ഇൻഡസ്ട്രീസ് കമ്മീഷണർ & ഡയറക്ടർ ഓഫ് ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്സ്, തമിഴ്നാട് സർക്കാർ ), അഡീഷണൽ രജിസ്ട്രാർ ആർ. ജോതിപ്രസാദ്, ഹാന്റക്സ് പ്രസിഡന്റ് കെ. മനോഹരൻ, അസിസ്റ്റന്റ് രജിസ്ട്രാർ എ.ആർ സലിം എന്നിവർ പങ്കെടുത്തു.

date