Skip to main content

വ്യവസായ സംരംഭകരുടെ അപേക്ഷകളില്‍ കാലതാമസം അരുത് ജില്ലാ വികസന സമിതി

സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ അതിവേഗ നടപടി സ്വീകരിച്ച് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എ ഡി എം ബിനാറാണി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ കാലതാസം നേരിടുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതിനിധി കെ ജോണ്‍സണ്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. സംരംഭകരുടെ അപേക്ഷയിന്‍മേല്‍ ആറുമാസം വരെ വച്ചുതാമസിപ്പിക്കുന്ന പ്രവണതയുണ്ട്. ഇതുമൂലം വമ്പിച്ച സാമ്പത്തിക ബാധ്യത സംരംഭകര്‍ നേരിടേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ ഏറെ പരാതികള്‍ ഉണ്ട്. ഇതിന് അടിയന്തര പരിഹാരം ഉണ്ടാകണം. കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തിട്ടുള്ള റോഡുകള്‍ പൂര്‍വ സ്ഥിതിയാക്കാത്തത് ജില്ലയിലെ നിരവധി റോഡുകള്‍ തകര്‍ച്ചയ്ക്ക് കാരണമാവുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നും കെ ജോണ്‍സണ്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി തീരദേശ മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമത്തിന് അടിയന്തര നടപടി വേണമെന്നു സി ആര്‍ മഹേഷ് എം എല്‍ എ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയില്‍ വൈദ്യുതി ക്ഷാമവും വളരെ കൂടുതലാണ്. നിലവിലെ സബ്സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ മന്ദഗതിയിലാണെന്നും ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ എം എം എല്‍ മൂലം രാസമാലിന്യ ഭീഷണി നേരിടുന്ന ചിറ്റൂര്‍ പ്രദേശത്തിന്റെ ദയനീയ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. പുത്തൂര്‍ ടൗണ്‍ റോഡ് ശാസ്ത്രീയമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപക നിയമനത്തിലെ ഭിന്നശേഷി മുന്‍ഗണനാ മാനദണ്ഡം നിശ്ചയിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ചിറ്റുമല ചിറവരമ്പ് വീതികൂട്ടി ബലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയ്ക്ക് ബജറ്റില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ വര്‍ധിച്ച പ്രാധാന്യം നല്‍കണമെന്ന് എ ജി എം യോഗത്തില്‍ ആവശ്യപ്പെട്ടു. അഷ്ടമുടി ടൂറിസം പദ്ധതി, നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണം, അഴീക്കല്‍ തുറമുഖ വികസനം, തങ്കശേരിയിലെ വാണിജ്യ ചരിത്ര മ്യൂസിയം, പീരങ്കി മൈതാനിയിലെ കല്ലുമാല സ്‌ക്വയര്‍ തുടങ്ങി ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി എ ഡി എം വിലയിരുത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date