Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: കുടുംബശ്രീയുടെ രുചിപ്പെരുമയില്‍ ഭക്ഷ്യമേള

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് മാറ്റുകൂട്ടി കുടുംബശ്രീയുടെ ഭക്ഷ്യമേളയുമുണ്ടാകും. വിവിധ ജില്ലകളിലെ തനത് രുചിഭേദങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യ മേളയില്‍ ഒരുക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ആറിലധികം യൂണിറ്റുകളാണ് കുടുംബശ്രീ കഫേയില്‍ പങ്കെടുക്കുന്നത്. മലബാര്‍, കോട്ടയം, ഇടുക്കി എന്നിവടങ്ങളില്‍ നിന്ന് 2 യൂണിറ്റ് വീതം ആകെ ആറ് യൂണിറ്റുകളിലായി 16 കുടുംബശ്രീ അംഗങ്ങളാണ് മേളയില്‍ രുചിവിഭവങ്ങള്‍  വിളമ്പുക.
ബീഫ് അല കുല, കുഞ്ഞി തലയിണ കോമ്പോ, കരിഞ്ചീര കോമ്പോ, ചിക്കന്‍-എഗ്-വെജ് ന്യൂഡില്‍സുകള്‍, ഫ്രൈഡ് റൈസുകള്‍, കൊത്തമല്ലി ചിക്കന്‍ ഫ്രൈ, മുട്ട സുനാമിയും കിളിക്കൂടും  മുതല്‍ പലതരം വൈവിധ്യമാര്‍ന്ന ചായകള്‍ വരെ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ലഭ്യമാകും. നാടന്‍ വിഭവങ്ങള്‍ക്കൊപ്പം കൊത്തുപൊറോട്ട, കിഴിപൊറോട്ട, പഴംപൊരി ബീഫ് കോംബോ തുടങ്ങി വിവിധയിനം രുചികളുടെ കലവറയാണ് കുടുംബശ്രീയുടെ നേത്യത്വത്തില്‍ ഭക്ഷ്യമേളയില്‍ ഒരുക്കുന്നത്. മിതമായ നിരക്കില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍  പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് കുടുംബശ്രീയുടെ ശ്രമം. ഭക്ഷണങ്ങളുടെ രുചി നുകര്‍ന്ന് കലാവിരുന്ന്  ആസ്വദിക്കുന്നതിനായി വേദിയോട് ചേര്‍ന്നാണ് ഇത്തവണ പ്രദര്‍ശനമേളയില്‍ ഫുഡ്കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്.

date