Skip to main content

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനം ഉപയോഗപ്പെടുത്തണം: ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്

 

ജില്ലാ വികസന സമിതി യോഗം

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഫയല്‍ കൈകാര്യം ചെയ്യുന്നതില്‍ ഇ- ഓഫീസ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. അപേക്ഷകള്‍, വിവിധ ഓഫീസുകളില്‍ നിന്നുള്ള തപാലുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫീസ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. 

കോതമംഗലം താലൂക്കില്‍ നീണ്ടപാറ, ചെമ്പന്‍കുഴി, വടാട്ടുപാറ, പ്ലാമുടി, വാവേലി, പിണ്ടിമന പ്രദേശങ്ങളിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റണി ജോണ്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന പ്രദേശങ്ങളില്‍ ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തില്‍ സൗരോര്‍ജ വേലികള്‍ നിര്‍മ്മിക്കുക, താല്‍ക്കാലിക വാച്ചര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് അക്രമണസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തമാക്കുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

അടിവാട് - പരീക്കണ്ണി കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചുവെങ്കിലും എല്ലാദിവസവും ബസ് സര്‍വീസ് നടത്തുന്നില്ല. ശനി ഞായര്‍ ദിവസങ്ങളില്‍ വിദൂര പ്രദേശങ്ങളിലേക്ക് ബസ് സര്‍വീസ് നടത്തുന്നില്ല എന്നും എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു. ബസ് ലഭ്യമാകുന്ന മുറയ്ക്ക് എല്ലാദിവസവും സര്‍വീസ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മറുപടി നല്‍കി.

തങ്കളം - കാക്കനാട്, ആലുവ -മൂന്നാര്‍ റോഡുകളുടെയും പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണര്‍ പാലത്തിന്റെയും നിര്‍മാണം വേഗത്തിലാക്കണം. മണ്ഡലത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ നല്‍കണം. കോതമംഗലത്തെ ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചിത്രപ്പുഴ - ബി.പി.സി.എല്‍ റോഡില്‍ ഇരുവശവും ടാങ്കര്‍ ലോറികളുടെ അനധികൃത പാര്‍ക്കിംഗ് മൂലം അപകടങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന് പി വി ശ്രീനിജിന്‍ എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു. ഇത് സംബന്ധിച്ച്  വിശദമായ  റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. വിലങ്ങ്, മലയിടം തുരുത്ത് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ പുരോഗതി വേഗത്തിലാക്കുന്നതിനും യോഗത്തില്‍ നിര്‍ദേശം നല്‍കി. 

കിഴക്കമ്പലം പഞ്ചായത്തില്‍ കഴിഞ്ഞ ആറുമാസമായി കാര്‍ഷിക വികസന സമിതി യോഗം ചേരാത്ത സാഹചര്യത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

തൃപ്പൂണിത്തുറ മിനി ബൈപ്പാസിന് വേണ്ടി 30 വര്‍ഷം മുമ്പ് ഏറ്റെടുത്ത ഭൂമി പ്രോജക്റ്റിന് ഉപയോഗിക്കാത്ത സാഹചര്യത്തില്‍ തിരിച്ചെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. തമ്മാനിമറ്റം തൂക്കുപാലം, കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം, പുത്തന്‍കുരിശിലെ മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ സ്ഥലത്ത് ആര്‍ടിഒയുടെ കമ്പ്യൂട്ടര്‍ ടെസ്റ്റിംഗ് കേന്ദ്രം തുടങ്ങുന്നതിന് സ്വീകരിച്ച നടപടികള്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും വിലങ്ങ് സ്‌കൂളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുളള തടസം തുടങ്ങിയ പ്രശ്‌നങ്ങളും എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു.

മഴക്കാലത്തിന് മുമ്പായി കനാലുകളുടെ ശുചീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു. ഗസ്റ്റ് ഹൗസിന് സമീപമുള്ള ആനി ബസന്റ് പാര്‍ക്ക് ഭിന്നശേഷി സൗഹൃദ പാര്‍ക്കായി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വെണ്ടുരുത്തി പാലത്തിനോട് ചേര്‍ന്ന് ഫുഡ് കോര്‍ട്ട് ആരംഭിക്കുന്നതിനുള്ള നടപടിയുടെ പുരോഗതി  വിശദമാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ ഉപയോഗ യോഗ്യമല്ലാത്ത പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

അഞ്ചല്‍പ്പെട്ടി -മൂവാറ്റുപുഴ റോഡിന്റെ ടാറിങ് നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ്  ജലജീവന്‍ മിഷന്റെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. പിറവം മണ്ഡലത്തിലെ പൂഴിമല കോളനിയിലെ 48 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്നും എംഎല്‍എ പറഞ്ഞു.  വടക്കേ ഇരുമ്പനം റോഡിലെ അനധികൃത ടാങ്കര്‍ ലോറി പാര്‍ക്കിങ്,  പിറവം മജിസ്‌ട്രേറ്റ് കോടതി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിനുള്ള അനുമതി തുടങ്ങിയ കാര്യങ്ങള്‍ എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു.

മഴയ്ക്ക് മുമ്പ് ഇടപ്പള്ളി തോട് ശുചീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉമ തോമസ് എംഎല്‍എ പറഞ്ഞു. ശുചീകരണവുമായി ബന്ധപ്പെട്ട് നേരത്തെ പൂര്‍ത്തിയാക്കിയ ജോലികളുടെ  തുക കരാറുകാര്‍ക്ക് അനുവദിക്കുന്നത് സംബന്ധിച്ച്  മെയ് മൂന്നിനുള്ളില്‍ പരിഹാരം കാണുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. 

20 മുതല്‍ 25 വര്‍ഷം വരെ പഴക്കമുള്ള പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി സംബന്ധിച്ച വിശദാംശങ്ങള്‍ എംഎല്‍എ ആവശ്യപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലും അലക്ഷ്യമായി കിടക്കുന്ന കേബിളുകള്‍ ആളപായം വരെ ഉണ്ടാക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു. എന്‍എച്ച് ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ല. മരക്കൊമ്പുകള്‍ ഉണങ്ങി നില്‍ക്കുന്നുണ്ട്. മഴയ്ക്കുമുമ്പ് ഇതിന് പരിഹാരം കാണണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

വൈപ്പിന്‍ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ചൊവ്വര പ്ലാന്റിലെ വൈദ്യുത പ്രശ്‌നം പരിഹരിക്കുന്നതിനും ശുദ്ധജല വിതരണത്തിന് ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തുന്നതിനും ആവശ്യമായ സ്ഥലങ്ങളില്‍ കീയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനും പഞ്ചായത്തുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

ഞാറക്കല്‍ പഞ്ചായത്തിലെ  പ്രളയം ബാധിച്ച മഞ്ഞനക്കാട് പട്ടികജാതി കോളനിയില്‍ നടപ്പിലാക്കേണ്ട പദ്ധതിയുടെ തുടര്‍ നടപടി ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ലഭ്യമാക്കണം.

കെ എസ് ടി പി റോഡ് നിര്‍മ്മാണം, അനധികൃത കയ്യേറ്റം തുടങ്ങിയവ  സംബന്ധിച്ച് താലൂക്ക് ഓഫീസില്‍ നിന്നും അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ജിഡ ധനസഹായത്തോടെ കടമക്കുടി പഞ്ചായത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പാലം, റോഡ് നിര്‍മ്മാണം കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിനുള്ള യോഗം വിളിക്കണം. ഗോശ്രീ പാലത്തിന് അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ച 115 ലക്ഷം രൂപയുടെ നിര്‍മ്മാണ നടപടികള്‍ മഴക്കാലത്തിനു മുമ്പ് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാന്‍, കോതമംഗലം ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ വരുണ്‍ ഡാലിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി എ ഫാത്തിമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date