Skip to main content

അപ്പർ കുട്ടനാടിന് മുൻഗണന നൽകി പദ്ധതികൾ ആവിഷ്‌കരിക്കും : കൃഷി മന്ത്രി പി.പ്രസാദ്

 

കുട്ടനാട് പാക്കേജിൽ അപ്പർ കുട്ടനാടിന് മുൻഗണന നൽകി കൂടുതൽ കാർഷിക വികസന പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും പദ്ധതികൾ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. കൃഷിമന്ത്രി നയിക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ യഞ്ജമായ കൃഷിദർശന്റെ ഭാഗമായി ഹരിപ്പാട് ബ്ലോക്കിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

പാടശേഖരങ്ങളിലെ മടവീഴ്ച്ച ഒഴിവാക്കാനായി പുറംബണ്ട് അടിയന്തരമായി വേണ്ട സ്ഥലങ്ങൾ കണ്ടെത്തി മുൻഗണനാടിസ്ഥാനത്തിൽ നിർമ്മാണം  ആരംഭിക്കും. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള കുട്ടനാട് വികസന ഏകോപന കൗൺസിലിന്റെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയത് തീരുമാനം കൈക്കൊള്ളും. കർഷകർക്ക് പമ്പിംഗ് സബ്സിഡി, വിളനാശ ഇൻഷ്യൂറന്സ് എന്നിവ ലഭിക്കാനുള്ള കാലതാമസം ഉടൻ തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. 

പ്രളയഭീതി ഒഴിവാക്കാനായി കുട്ടനാട്ടിലെ നദികളിൽ ശാസ്ത്രീയമായ ഡ്രഡ്ജിംങ് പ്രവൃത്തികൾ ആരംഭിക്കും. വിദ്യാർത്ഥികൾക്കിടയിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി ഹരിപ്പാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രത്യേക കാർഷിക പദ്ധതി നടപ്പിലാക്കും.കർഷകരുടെയും, തദ്ദേശവാസികളുടെയും, ജനപ്രതിനിധികളുടെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും കുട്ടനാട്ടിലെ ഓരോ പദ്ധതിയും നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.  

കൃഷിദർശന്റെ ഭാഗമായി ഹരിപ്പാട് ബ്ലോക്കിലെ ചെറുതന, വീയപുരം, ഹരിപ്പാട്, പള്ളിപ്പാട്, ചിങ്ങോലി, കാർത്തികപ്പള്ളി, കുമാരപുരം, തൃക്കുന്നപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടങ്ങളാണ് മന്ത്രി സന്ദർശിച്ചത്. ഒരോ ഗ്രാമപഞ്ചായത്തിലെയും കർഷകരുമായി കൃഷിമന്ത്രി സംവദിക്കുകയും അവർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. 

രമേശ് ചെന്നിത്തല എം.എൽ.എ, കെ.എൽ.ഡി.സി ചെയർമാൻ ടി.വി സത്യനേശൻ, കൃഷിവകുപ്പ് സെക്രട്ടറി ബി.അശോക് ്, കൃഷി ഡയറക്ടർ കെ.എസ് അഞ്ജു, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ പി.രാജശേഖരൻ, കൃഷി അഡിഷണൽ സെക്രട്ടറിമാർ, കൃഷി അഡീഷണൽ ഡയറക്ടർമാർ, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി നിണ്ടിശേരി, കൃഷി ഉദ്യോഗസ്ഥർ, കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ, എന്നിവരടങ്ങുന്ന സംഘമാണ് കൃഷിയിടങ്ങൾ സന്ദർശിച്ചത്.

date