Skip to main content

നിയമസഭാ സാമാജികരുടെ രചനകൾ, ചിത്രങ്ങൾ കൗതുകമുണർത്തി പുസ്തക പ്രദർശനം

നിയമസഭാ സാമാജികർ, സെക്രട്ടറി, മുൻ നിയമസഭാ സാമാജികർ, മുൻ നിയമസഭാ സെക്രട്ടറിമാർ എന്നിവരുടെ രചനകളും നിയമസഭയുടെ ചരിത്രം പറയുന്ന ചിത്രങ്ങൾ, രചനകൾ എന്നിവയാൽ ശ്രദ്ധേയമായി നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് മദ്ധ്യമേഖലാ ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന പരിപാടിയിലെ പുസ്തകപ്രദർശനം. ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ തോമസ് എംഎൽഎ പുസ്തകപ്രദർശനം ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ, മുൻ മന്ത്രി വി എസ് സുനിൽകുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

1888- 1893 കാലഘട്ടത്തിൽ കൈകൊണ്ട് എഴുതിയ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രൊസീഡിംഗ്സ്, മലയാളത്തിലുള്ള ഇൻഡ്യയുടെ ഭരണഘടന നിയമം, ബഞ്ചമിൻ ബെയ്ലിയുടെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു, 1961 തൃശ്ശൂരിലെ ഡിസ്ട്രിക് സെൻസസ് ബുക്സ്, 15ാം നിയമസഭയിലെ സാമാജികരുടെ രചനകൾ, ഇതുവരെയുള്ള സ്പീക്കർമാർ, മുഖ്യമന്ത്രിമാർ എന്നിവരുടെ രചനകളും കുറിപ്പുകളും തുടങ്ങിയവ പ്രദർശനത്തിലുണ്ട്.

തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭ അംഗങ്ങളായിരുന്ന കുമാരനാശൻ, അയ്യങ്കാളി എന്നിവരുടെ രചനകൾ,  മലബാർ, കൊച്ചി, ട്രാവൻകൂർ, തിരു-കൊച്ചി എന്നിവയുടെ അസംബ്ലി കെട്ടിടങ്ങൾ, 1938ൽ കൊച്ചിയിലെ അമ്പാട്ട് ശിവരാമ മേനോൻ ഏകാംഗ മന്ത്രിസഭയുടെ പ്രഖ്യാപന വേളയിൽ കൊച്ചി മഹാരാജാവ്, പഴയ കൊച്ചി നിയമസഭാ മന്ദിരം, ഇ എം.എസ് നമ്പൂതിരിപ്പാട് ഗവർണ്ണർ ബി രാമകൃഷ്ണറാവു മുമ്പാകെ സത്യപ്രതിഞ്ജ ചെയ്യുന്നത്, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നിയമസഭയെ അഭിസംബോധന ചെയ്യുന്നത് തുടങ്ങി ചരിത്രം പറയുന്ന ഒട്ടേറെ ചിത്രങ്ങളും പുസ്തകങ്ങളുമാണ് പ്രദർശനത്തിനുള്ളത്.

date