Skip to main content
മുളവുകാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ആരോഗ്യ മിഠായി പരിശീലന കളരിയിൽ നിന്ന്

ആരോഗ്യ മിഠായിയുടെ മധുരം നുകർന്ന് മുളവുകാട് ഗ്രാമപഞ്ചായത്തിലെ കുട്ടികൾ

വേനലവധിക്കാലം ആരോഗ്യകരമാക്കി ആരോഗ്യ മിഠായിയുടെ മധുരം നുകർന്ന് മുളവുകാട് ഗ്രാമപഞ്ചായത്തിലെ കുട്ടികൾ. സ്കൂൾ അവധിക്കാലം ആഘോഷവും ആരോഗ്യകരവുമാക്കുന്നതിനായി മുളവുകാട് ഗ്രാമപഞ്ചായത്തും നാഷണൽ ആയുഷ് മിഷനും വല്ലാർപാടം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിയും  ചേർന്നാണ് ആരോഗ്യ മിഠായി എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

അവധിക്കാലം സ്മാർട്ട് ഫോണിലും ടെലിവിഷന് മുന്നിലും ചെലവഴിച്ച് സമയം കളയാതെ ആരോഗ്യപരമായി വിനിയോഗിക്കുന്നതിൻ്റെ ഭാഗമായി യോഗ പരിശീലനം, ആരോഗ്യ പാഠങ്ങൾ, നല്ല ആഹാര ശീലങ്ങൾ അറിയുക  തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകളാണ് ഈ  പരിശീലന പദ്ധതിയിലൂടെ  കുട്ടികൾക്ക് ലഭ്യമാക്കുന്നത്. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള 25 ലധികം കുട്ടികളാണ് 15 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലന കളരിയിൽ ജീവിതം ആരോഗ്യകരമാക്കുന്നത്. മുളവുകാട് ഗ്രാമപഞ്ചായത്തിനു പുറമേ മുളന്തുരുത്തി, തൃപ്പൂണിത്തറ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ എത്തിയിട്ടുണ്ട്. വല്ലാർപാടം ശക്തിധര പൊതുമന്ദിരത്തിലാണ് കളരി സംഘടിപ്പിച്ചിരിക്കുന്നത്.

ജീവിത ശൈലീ രോഗങ്ങൾ കുട്ടികളിൽ പോലും കണ്ടുവരുന്ന കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം  സംരക്ഷിക്കുക, ആരോഗ്യകരമായ  ജീവിത ശൈലി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി നാടൻ പാട്ട്, നാടക കളരി, ചിത്രകല തുടങ്ങിയ വിവിധ നാടൻ കലാരൂപങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രശസ്തരായ കലാകാരന്മാരാണ് ഓരോ ദിവസവും  കളരിയിൽ എത്തുന്നത്. വല്ലാർപാടം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. ഗ്രീഷ്മ ഗിരിയുടെ നേതൃത്വത്തിലാണ് കുട്ടികൾക്കായി യോഗ പരിശീലനം നൽകുന്നത്.

ആരോഗ്യ മിഠായി പരിശീലന കളരിയുടെ രണ്ടാം ഘട്ടം മെയ് എട്ടിന് ആരംഭിക്കും. സൗജന്യമായി സംഘടിപ്പിക്കുന്ന പരിശീലന കളരിയിലേക്ക് രജിസ്റ്റർ ചെയ്യാൻ 9846866488, 90617744 77 നമ്പരുകളിൽ ബന്ധപ്പെടുക.

date