19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് മെയ് 30ന്
ഒൻപത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് മെയ് 30 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം മെയ് 4 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 11 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 15 വരെ പിൻവലിക്കാം. വോട്ടെണ്ണൽ 31 ന് രാവിലെ 10 മണിക്ക് നടത്തും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയിൽ അതാത് വാർഡുകളിൽ മാത്രമാണ് പെരുമാറ്റച്ചട്ടം. ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും അവ ബാധകമാണ്.
തിരുവനന്തപുരം, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഓരോ വാർഡിലും രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടെടുപ്പിനായി 38 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും.
ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക 02.05.2023 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 19 വാർഡുകളിലായി ആകെ 33901 വോട്ടർമാരാണുള്ളത്. 16009 പുരുഷന്മാരും 17892 സ്ത്രീകളും. കമ്മീഷന്റെ www.lsgelection.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.
തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)
തിരുവനന്തപുരം - തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ - 18. മുട്ടട,
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് - 10. കാനാറ
കൊല്ലം - അഞ്ചൽ ഗ്രാമപഞ്ചായത്ത് - 14.തഴമേൽ
പത്തനംതിട്ട - മൈലപ്ര ഗ്രാമപഞ്ചായത്ത് - 05.പഞ്ചായത്ത് വാർഡ്
ആലപ്പുഴ - ചേർത്തല മുനിസിപ്പൽ കൗൺസിൽ - 11.മുനിസിപ്പൽ ഓഫീസ്
കോട്ടയം - കോട്ടയം മുനിസിപ്പൽ കൗൺസിൽ - 38.പുത്തൻതോട്,
മണിമല ഗ്രാമപഞ്ചായത്ത് - 06.മുക്കട,
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് - 01.പെരുന്നിലം
എറണാകുളം - നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് - 06.തുളുശ്ശേരിക്കവല
പാലക്കാട് - പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് - 08.ബമ്മണ്ണൂർ,
മുതലമട ഗ്രാമപഞ്ചായത്ത് - 17.പറയമ്പള്ളം,
ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് -10.അകലൂർ ഈസ്റ്റ്,
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് - 03.കല്ലമല,
കരിമ്പ ഗ്രാമപഞ്ചായത്ത് - 01.കപ്പടം
കോഴിക്കോട് - ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് - 07.ചേലിയ ടൗൺ,
പുതുപ്പാടി ഗ്രാമപഞ്ചായത്ത് - 05.കണലാട്,
വേളം ഗ്രാമപഞ്ചായത്ത് - 11.കുറിച്ചകം
കണ്ണൂർ - കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ - 14.പള്ളിപ്രം,
ചെറുതാഴം ഗ്രാമപഞ്ചായത്ത് - 16.കക്കോണി
നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക മുനിസിപ്പൽ കോർപ്പറേഷനിൽ 5000 രൂപയും മുനിസിപ്പാലിറ്റികളിൽ 4,000 രൂപയും ഗ്രാമപഞ്ചായത്തിൽ 2,000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.
അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം.
പി.എൻ.എക്‌സ്. 1975/2023
- Log in to post comments