Skip to main content

കുമ്പളങ്ങിയിലെ മാംസവില്‍പ്പന ശാലകള്‍ക്ക് അടച്ചുറപ്പ് നിർബന്ധമാക്കുന്നു

മാംസവില്‍പ്പന ശാലകള്‍ക്ക് അടച്ചുറപ്പ് നിര്‍ബന്ധമാക്കി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്. തുറസ്സായ സ്ഥലങ്ങളിലെ മാംസവില്‍പ്പനയ്‌ക്കെതിരെ നടപടിയെടുക്കും.  ആരോഗ്യകരവും സുരക്ഷിതവുമായ മാംസം ജനങ്ങളിലേക്കെത്തിക്കാന്‍ ഉടമകള്‍ അടച്ചുറപ്പുള്ള വില്‍പ്പനകേന്ദ്രങ്ങള്‍ സജ്ജീകരിക്കണമെന്നാണ് പഞ്ചായത്തിന്റെ നിര്‍ദേശം. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് മാംസവില്‍പ്പന ശാലകള്‍ക്ക് അടച്ചുറപ്പ് നിര്‍ബന്ധമാക്കുന്നത്. 

നിലവില്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള 19 മാംസവില്‍പ്പനകേന്ദ്രങ്ങളും അലൂമിനിയം ഫാബ്രിക്കുകൾ, ഗ്ലാസുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിതമാക്കണം. വില്‍പ്പനകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനൊപ്പം മാംസമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. പുതിയ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലുടനീളം ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. 

'മാലിന്യ മുക്ത കുമ്പളങ്ങി' പദ്ധതിയുടെ ഭാഗമായി നിരവധി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഒന്‍പത് വാര്‍ഡുകളിലെ പൊതുസ്ഥലങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്ത് ശുചീകരണയജ്ഞം നടത്തി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. 

നിലവില്‍ 69 ശതമാനം വീടുകളില്‍ ലഭ്യമാകുന്ന ഹരിതകര്‍മ്മസേനാംഗങ്ങളുടെ സേവനം പഞ്ചായത്തിലെ 100 ശതമാനം വീടുകളിലേക്കും വ്യാപിപ്പിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിച്ചിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്നതിനായി ഹരിതകര്‍മ്മ സേനയ്ക്ക് 17 വാര്‍ഡുകളില്‍ ട്രൈസൈക്കിളുകളും ഓട്ടോറിക്ഷാ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്.

date