Skip to main content

ഉദ്ഘാടനത്തിനൊരുങ്ങി കുന്നംകുളം സിന്തറ്റിക് ട്രാക്ക്

കുന്നംകുളത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനത്തിനൊരുങ്ങി. പദ്ധതിയുടെ ഉദ്ഘാടനം മെയ് 19ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിക്കും. കായിക വിദ്യാർത്ഥികൾക്ക് ആവശ്യമായ വിപുലമായ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുന്നതിന് പ്രാരംഭം ഘട്ടം പൂർത്തീകരിച്ചു. ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും കായിക വിദ്യാർത്ഥികൾക്കുള്ള സ്പോട്സ് മെഡിക്കൽ വിഭാഗത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 

ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് എന്ന സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തികൾ നിർവ്വഹിച്ചത്. ലൈൻ മാർക്കിങ് പ്രവർത്തികളും കമ്പനിയാണ്  പൂർത്തീകരിച്ചത്. എ.സി.മൊയ്തീൻ എംഎൽഎ യുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി കുന്നംകുളത്ത് നടപ്പിലാക്കുന്നത്. ഏഴുകോടി രൂപയാണ് സീനിയർ ഗ്രൗണ്ടിന്റെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തിയായ ഫുട്ബോൾ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചിട്ടുള്ളത്. ലൈൻ ട്രാക്കിന് പുറമേ  ജെമ്പിങ് പിറ്റ്, പവലിയൻ എന്നിവയും പവലിയനു താഴെ ഡ്രസ്സിംങ്ങ് റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഖേലാ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ദേശീയ അത്‌ലറ്റ് മത്സരങ്ങൾ നടത്തുംവിധം പദ്ധതികൾ ആവിഷകരിക്കുന്നത്. 

ഒളിമ്പിക് നിലവാരത്തിലുള്ള നീന്തൽക്കുളം, സൗന്ദര്യവത്കരണം, പാർക്കിങ്ങ് സൗകര്യം, ജലധാര, ഗേറ്റ്, എന്നിവ തയ്യാറാക്കുന്നതിന് ആവശ്യമായ പുതിയ പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കാൻ സ്പോട്സ് കേരള ഫൗണ്ടേഷൻ അധികൃതർക്ക് എംഎൽഎ നിർദേശം നൽകിയിട്ടുണ്ട്.

date