Skip to main content

കിഴക്കന്‍ മേഖലയിലെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ചെമ്മന്തൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയം

നിരവധി കായിക പ്രതിഭകളെ വാര്‍ത്തെടുത്ത കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയുടെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് പുനലൂര്‍ ചമ്മന്തൂരില്‍ പണിപൂര്‍ത്തിയാക്കിയ ഇന്‍ഡോര്‍ സ്റ്റേഡിയം. കിഫ്ബിയില്‍ നിന്നും അനുവദിച്ച ആറു കോടിയോളം രൂപ ചെലവഴിച്ചാണ് സംസ്ഥാന കായിക യുവജന ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തില്‍ രാജ്യാന്തര നിലവാരത്തില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 40 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും 12 മീറ്റര്‍ ഉയരവും 11,700 ചതുരശ്ര അടി വിസ്തീര്‍ണവുമാണ് സ്റ്റോഡിയത്തിലുള്ളത്. ഒരു വോളിബോള്‍ കോര്‍ട്ട് രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ട് ഉള്‍പ്പെടെ ഒരേ സമയം മൂന്നു മത്സരങ്ങള്‍ നടത്താനാകും. രാജ്യാന്തര മത്സരങ്ങള്‍ അടക്കം സംഘടിപ്പിക്കാനായി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത മേപ്പിള്‍ പലകകളാണ് കോര്‍ട്ടുകളില്‍ പാകിയിരിക്കുന്നത്.

250 ഓളം കാണികള്‍ക്കുള്ള ഇരിപ്പിടം, ഓഫീസ്, കായികതാരങ്ങള്‍ക്ക് വിശ്രമ മുറി, ഡ്രസിങ് റൂം, ശുചിമുറികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ ജലം സംഭരിക്കുന്നതിനായി മൂന്ന് ലക്ഷം ലിറ്റര്‍ ശേഷിയുള്ള അഞ്ച് അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സംവിധാനങ്ങളും അത്യാധുനിക ബാക്ക് അപ്പ് ജനറേറ്ററും സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുമെന്നും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും പി എസ് സുപാല്‍ എം എല്‍ എ പറഞ്ഞു.

date