Skip to main content

ശിക്കാര ബോട്ടുകൾ നിയമാനുസൃതമെന്ന് ഉറപ്പാക്കും- മന്ത്രി

 സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സർവ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ടൂറിസ്റ്റ് - ശിക്കാര ബോട്ടുകൾക്ക് അനുമതി നൽകുന്നത് ഇൻലാന്റ് വെസൽ ആക്റ്റ് പ്രകാരമാണ്. സർവ്വീസിനു പുറമെ നിർമ്മാണം മുതൽ രജിസ്ട്രേഷൻ വരെയുള്ള ഓരോ ഘട്ടവും ഈ നിയമത്തിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.

കുട്ടികളും സ്ത്രീകളുമടക്കം ഇരുപ്പത്തി രണ്ട് മനുഷ്യ ജീവൻ അപഹരിച്ച താനൂർ ബോട്ട് ദുരന്തം സകല മനുഷ്യരുടെയും ഹൃദയം തകർത്ത സംഭവമാണ്. ഈ ദുരന്തത്തിനെ തുടർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും ഏകോപിപ്പിച്ചും നടത്തിയ ആശ്വാസ പ്രവർത്തനങ്ങൾ പരിഷ്‌കൃത സമൂഹത്തിന് മാതൃകാപരമാണ്. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കൈകൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനും ഈ രംഗത്തെ സാങ്കേതിക വിദഗ്ധരെയടക്കം ഉൾപ്പെടുത്തി പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണവും പ്രതീക്ഷാർഹമാണ്.

എന്നാൽ ഈ ദുരന്തത്തെ തുറമുഖ വകുപ്പുമായി ചേർത്ത് വസ്തുതാ വിരുദ്ധമായ വാർത്തകൾ ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കപ്പെടുന്നത് നിഗൂഢമായ ലക്ഷ്യങ്ങളോടെയാണ്. ഇത് കേരളീയ പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

പി.എൻ.എക്‌സ്. 2059/2023

date