Skip to main content

താനൂർ ബോട്ടപകടം സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തും- മുഖ്യമന്ത്രി - മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം - പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും - പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണവും നടത്തും

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട ഓരോ ആളുകളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും താനൂരിൽ ദുരന്ത മേഖല സമർശിക്കാനെത്തിയ മുഖ്യമന്ത്രി ഉന്നതതല യോഗത്തിനു ശേഷം പറഞ്ഞു.

ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഉണ്ടായിട്ടുള്ളത്. മുഴുവൻ കുടുംബങ്ങളുടെയും ദുഖത്തിൽ പങ്കുചേരുന്നു. ബോട്ടുകൾക്ക് ലൈസൻസ് നൽകുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും.
സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഇതൊടൊപ്പം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് പൊലീസും അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

കരിപ്പൂരിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രി മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച പരപ്പനങ്ങാടി പുത്തൻകടപ്പുറം മിസ്ബാഹുൽ ഉലൂം മദ്രസയിൽ സന്ദർശനം നടത്തി.
തുടർന്ന് താനൂർ എം.എൽ.എ ഓഫീസിൽ വെച്ച് വിവിധ കക്ഷി നേതാക്കളും മന്ത്രിമാരും എം.എൽ.എമാരും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.

മുഖ്യമന്ത്രി തിരുരങ്ങാടിയിലും താനൂരിലും നടത്തിയ കൂടിക്കാഴ്ചകളിൽ മന്ത്രിമാരായ വി. അബ്ദുറഹിമാൻ, കെ. രാധാകൃഷ്ണൻ, കെ. രാജൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു,, കെ. കൃഷ്ണൻ കുട്ടി, അഡ്വ. പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ ശശീന്ദ്രൻ, എം.എൽ.എമാരായ ഡോ. കെ.ടി ജലീൽ, പി. നന്ദകുമാർ, പി.കെ കുഞ്ഞാലിക്കുട്ടി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, പി.കെ ബഷീർ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ, കെ.പി.എ മജീദ്, അഡ്വ. എൻ ഷംസുദ്ധീൻ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ എം.വി. ഗോവിന്ദൻ മാസ്റ്റർ, ഇ.എൻ മോഹൻദാസ്,  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.എം.എ സലാം, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, ഡി.ജി.പി. കെ. അനിൽ കാന്ത്, ഫയർ ഫോഴ്‌സ് മേധാവി ബി. സന്ധ്യ, ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
 

date