Skip to main content

അരങ്ങ് കലോത്സവം; സംഘാടക സമിതി രൂപികരിച്ചു

കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന തല അരങ്ങ് കലോത്സവം - 2023 'ഒരുമയുടെ പലമ'യുടെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു.  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സംഘാടക സമിതി യോഗം  ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല അരങ്ങ് കലോത്സവം - 2023 'ഒരുമയുടെ പലമ' ഏറ്റവും മികച്ച രീതിയിൽ തൃശ്ശൂരിൽ നടത്തുമെന്നും പൊതുജീവിതത്തിന്റെ മർമ്മപ്രധാനമായ മേഖലകളിലെല്ലാം സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിച്ചെടുക്കാനും വരുമാനദായകമായ സംരംഭകരാകാനും ആത്മവിശ്വാസത്തോടെ അവരവരുടെ കർമ്മ പഥത്തിലെത്താനും കുടുംബശ്രീയിലൂടെ സ്ത്രീകൾക്ക് സാധിച്ചുവെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.25 വർഷത്തെ പ്രവർത്തന ചരിത്രം ലോകത്തിലെ തന്നെ വലിയ സ്ത്രീ സംരംഭങ്ങളിൽ ഒന്നായി കുടുംബശ്രീയെ വളർത്തി. സാമ്പത്തിക ശാക്തീകരണത്തിനൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ സമസ്ത മേഖലയിലും ഇന്ന് കുടുംബശ്രീ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടന്ന  പി. ബാലചന്ദ്രൻ എം എൽ എ അധ്യക്ഷനായ ചടങ്ങിൽ  മേയർ എം.കെ വർഗ്ഗീസ് വിശിഷ്ട സാന്നിധ്യമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ വിശിഷ്ടാതിഥിയായി.

കുടുംബശ്രീ പ്രസ്ഥാനം  രജത ജൂബിലി വാർഷികം ആഘോഷിക്കുന്ന വേളയിൽ 14 ജില്ലകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കുന്ന   അരങ്ങ് 2023 ' ഒരുമയുടെ പലമ '  യുടെ സംസ്ഥാന തല മത്സരമാണ്  തൃശ്ശൂരിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായിഅയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ്  എന്നിവരുടെ കലാപരമായ  കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ എഡിഎസ് സിഡിഎസ് താലൂക്ക് , ജില്ലാ തലങ്ങളിൽ  കലാമത്സരങ്ങൾ നടന്നു വരികയാണ്.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.സി നിർമ്മൽ പരിപാടി വിശദീകരിച്ചു.അസിസ്റ്റന്റ് കലക്ടർ ജയകൃഷ്ണൻ, കേരള ലളിതാകലാ അക്കാദമി മുരളി ചീരോത്ത് ,കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ കെ.രതീഷ് കുമാർ ,ജില്ലാ പ്രോഗ്രാം മാനേജർ റെജി തോമസ്, അട്ടപ്പാടി പ്രൊജക്ട് ഓഫീസർ ബി.എസ് മനോജ്, ജില്ലാ പ്രോഗ്രാം അസിസ്റ്റന്റ് മാനേജർ വിപിൻ  തുടങ്ങിയവർ സംസാരിച്ചു.

date