Skip to main content

ജില്ലയിലെ ആരോഗ്യ രംഗത്ത് നടപ്പിലാക്കിയത് കോടികളുടെ വികസന പ്രവർത്തനങ്ങൾ

ആരോഗ്യരംഗത്ത് മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി ജില്ലയിൽ വിവിധ സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ  എന്നിവിടങ്ങളിൽ  നടപ്പിലാക്കിയത് കോടിക്കണക്കിന് രൂപയുടെ പ്രവർത്തനങ്ങൾ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആതുര ശുശ്രൂഷ കേന്ദ്രങ്ങളിലാണ്  ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.

ജില്ലയിലെ ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യം വികസിപ്പിക്കുക വഴി മെച്ചപ്പെട്ട ചികിത്സയും സേവനങ്ങളും നൽകുക എന്നതാണ് ദേശീയ ആരോഗ്യ ദൗത്യം ഇതുവഴി  ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ജില്ലയിലെ പന്ത്രണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ 15.5 ലക്ഷം രൂപ വീതം ചെലവഴിച്ച്  കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മങ്ങാട്, വയലട, തുറയൂർ, ചൂലൂർ, കുരുവട്ടൂർ, കാക്കൂർ, വേളം, കുണ്ടുതോട്, കിഴക്കോത്ത്, കൂത്താളി, എരമംഗലം, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ്  കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. 

കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയപ്പോൾ  വിവിധ സേവനങ്ങളാണ് പുതുതായി ലഭ്യമായത്. വൈകുന്നേരം 6 മണി വരെയുള്ള ഒ പി യുടെ പ്രവർത്തനം,ശ്വാസ് & ആശ്വാസ്  ക്ലിനിക്കുകളുടെ പ്രവർത്തനം, ആധുനിക നിലവാരത്തിലുള്ള ലാബുകളുടെ സേവനം എന്നിവയാണ് പുതുതായി ലഭ്യമായ സേവനങ്ങൾ. പകർച്ചവ്യാധി, പകർച്ചേതരവ്യാധി ക്ലിനിക്കുകളുടെ പ്രവർത്തനം, പ്രീ ചെക്കപ്പ് സൗകര്യം, വർധിച്ച സൗകര്യങ്ങളോട് കൂടിയ  ഒബ്സർവേഷൻ വാർഡുകൾ എന്നിവയും സജ്ജമായിട്ടുണ്ട്. അതിനുപുറമേ പ്രാഥമികാരോഗ്യ കേന്ദ്രം മാതൃശിശു വയോജന ഭിന്ന സൗഹൃദ ആരോഗ്യ കേന്ദ്ര മാറ്റുന്നതിലൂടെ ബ്രസ്റ്റ് ഫീഡിംഗ് ഏരിയ, റാമ്പ്, ഭിന്നശേഷി സൗഹൃദ ശൗചാലയം, വാക്സിനേഷൻ ഏരിയ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികാസവും സാധ്യമാക്കുന്നുണ്ട്. 
ഇതിനു പുറമെ, സി.എച്ച്.സി ഒളവണ്ണ, സി.എച്ച്.സി തിരുവങ്ങൂർ എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ 37.5 ലക്ഷം രൂപ ചിലവഴിച്ച്  ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയും ഉയർത്തിയിട്ടുണ്ട്. സി.എച്ച്.സി നരിക്കുനി, സി.എച്ച്.സി വളയം സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവൃത്തികളും ഇക്കാലയളവിൽ ജില്ലയിൽ പൂർത്തീകരിച്ചു.

കൂമ്പാറ, കോടമ്പുഴ, കോതോട്, എരവന്നൂർ, ചീക്കിലോട്, ചിങ്ങപുരം, കക്കോടിമുക്ക്, മരുതാട് തുടങ്ങിയ എട്ട് സബ് സെൻററുകൾ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഏഴ് ലക്ഷം രൂപ വീതം ചെലവഴിച്ച് ഹെൽത്ത് ആൻഡ് വെൽനെസ് സെൻററുകളാക്കി. 52 സബ് സെന്ററുളുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനും സാധിച്ചു.

ഗ്രാമീണമേഖലക്ക് പുറമെ  നഗരപ്രദേശങ്ങളിലും കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആരോഗ്യമേഖലയിൽ വലിയ പുരോഗതിയാണ് കൈവരിച്ചത്. അഞ്ച് നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. കൂടാതെ ഒരു നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തിയും പൂർത്തീകരിച്ചു. കണ്ണാടിക്കൽ, കണ്ണഞ്ചേരി, വെളിയഞ്ചേരിപാടം, കുണ്ടുപറമ്പ്, പൊന്നംകോട് എന്നീ  നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്  നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത് .ഫറോക്ക് മുനിസിപ്പാലിറ്റിക്ക് കീഴിൽ കരുവൻതുരുത്തിയിൽ പുതിയ നഗര കുടുംബാരോഗ്യ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.

date