Skip to main content
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിനോട് അനുബന്ധിച്ച്  ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം

കരുതലും കൈത്താങ്ങും  താലുക്ക്തല അദാലത്ത്; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകൾ ജില്ലയിൽ 15 മുതൽ ആരംഭിക്കും. ഇതുവരെ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ വിലയിരുത്തി.

താലൂക്കുകളിലും വിവിധ വകുപ്പുകളിലുമായി ലഭിച്ച അപേക്ഷകള്‍ സംബന്ധിച്ച നടപടികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. ലഭിച്ച അപേക്ഷകൾ മാനദണ്ഡങ്ങള്‍ക്കനുസൃതമായി രണ്ടു ദിവസത്തിനകം  പരിഹരിക്കണമെന്ന് കളക്ടർ നിര്‍ദേശിച്ചു. 2700 അപേക്ഷകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.

മെയ് 15 ന് കണയന്നൂര്‍ താലൂക്കിലാണ് ആദ്യ അദാലത്ത്. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.

പറവൂര്‍ താലൂക്കിലെ അദാലത്ത് മെയ് 16ന്  കേസരി ബാലകൃഷ്ണ പിള്ള മെമ്മോറിയല്‍ ടൗണ്‍ഹാളിലും  ആലുവ താലൂക്ക് അദാലത്ത് 18ന് മഹാത്മാഗാന്ധി ടൗണ്‍ഹാളിലും  കുന്നത്തുനാട് താലൂക്ക് അദാലത്ത് 22ന് പെരുമ്പാവൂര്‍ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാളിലും നടക്കും. കൊച്ചി താലൂക്ക് അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്‌കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിലാണ്. എല്ലാ അദാലത്തിലും മന്ത്രിമാരായ പി. രാജീവും മന്ത്രി പി. പ്രസാദും പങ്കെടുക്കും. രാവിലെ 10 മുതലാണ് അദാലത്തുകൾ നടത്തുന്നത്.

ഏഴുദിവസവും അദാലത്തുകളിൽ എല്ലാ ജില്ലാതല ഓഫീസർമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് കളക്ടർ നിർദേശിച്ചു. അതത് താലൂക്കുകളിലെ  പഞ്ചായത്ത് സെക്രട്ടറിമാർ, ഹെഡ് സർവേയർമാർ എന്നിവരും നിർബന്ധമായും പങ്കെടുക്കണം.

ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം), സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ (വീട്, വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, തെരുവ് നായ സംരക്ഷണം/ശല്യം, പരിസ്ഥിതി സംരക്ഷണം/മാലിന്യ സംസ്കരണം,  അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങൾ, വഴിതടസ്സപ്പെടുത്തൽ, വയോജന സംരക്ഷണം,  കെട്ടിട നിർമ്മാണ ഘട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), റേഷൻകാർഡ് (എ.പി.എൽ, ബി.പി.എൽ ചികിത്സാ ആവശ്യങ്ങൾക്ക്) വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്ന് ക്ഷാമം,  ശാരീരിക ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളുമാണ് അദാലത്തിൽ പരിഗണിക്കുന്നത്. 

ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സമയം നല്‍കിയിരുന്നു. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലും ഓണ്‍ലൈനിലുമാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ലഭിച്ച അപേക്ഷകളില്‍ തരംതിരിച്ച് പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് ദിവസം നേരിട്ട് എത്തിയും അപേക്ഷിക്കാം. അദാലത്തിനോട് അനുബന്ധിച്ച് ലഭിച്ച അപേക്ഷകള്‍ അത് വകുപ്പുകളിലേക്ക് കൈമാറിയാണ് പരിഹാരം കാണുന്നത്.  ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാകും അദാലത്ത്. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം (ഇൻ ചാർജ് ) എസ്. ബിന്ദു, ഡെപ്യൂട്ടി കളക്ടർ ബി.അനില്‍ കുമാര്‍,  ഹുസൂര്‍ ശിരസ്തദാര്‍ കെ. അനില്‍കുമാര്‍ മേനോന്‍, തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date