Skip to main content
കനകമ്മയുടെ ഭർത്താവ് ഷാജിക്ക് മന്ത്രി വി.എൻ. വാസവൻ മുൻഗണനാ റേഷൻ കാർഡ് കൈമാറുന്നു.

അർബുദ രോഗിയായ വീട്ടമ്മയ്ക്ക്  മുൻഗണനാ  റേഷൻ കാർഡ് നൽകി അദാലത്ത്

കോട്ടയം: അർബുദരോഗിയായ ഭാര്യയ്ക്ക് കോട്ടയം മെഡിക്കൽ കോളജിൽ  സൗജന്യ ചികിത്സ കിട്ടണമെന്ന ആവശ്യവുമായാണ് എഴുമാന്തുരുത്ത്  സ്വദേശി ഷാജി വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന താലൂക്ക് അദാലത്തിൽ എത്തുന്നത്. ഷാജിയുടെ ഭാര്യ വൈക്കം എഴുമാന്തുരുത്തിൽ ഐശ്വര്യ നിവാസിലെ  കെ.പി കനകമ്മ  2013 മുതൽ അർബുദത്തിന് ചികിത്സയിലാണ്. രക്തസമർദ്ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങളുമുണ്ട്.നടക്കാനാവില്ല. മകന് ജോലി കിട്ടിയപ്പോൾ റേഷൻ കാർഡ് എ.പി.എൽ പട്ടികയിലേക്ക് മാറിയതോടെ  സൗജന്യ ചികിത്സ സഹായവും  പ്രതിസന്ധിയിലായി.ചികിത്സയ്ക്കായി വൻ തുക ചെലവു വരുന്നുണ്ട്. ഷാജിക്ക് കൂലിപ്പണിയാണ്. തുടർന്നാണ് ഷാജി അദാലത്തിൽ പരാതി നൽകിയതും. ഷാജിയുടെ ആവശ്യം കേട്ടയുടൻ സഹകരണ - രജിസ്ട്രേഷൻ  വകുപ്പുമന്ത്രി വി.എൻ.  വാസവൻ നടപടി സ്വീകരിക്കുകയായിരുന്നു. സംസ്ഥാന മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി  സൗജന്യ ചികിത്സയ്ക്ക് അർഹരാണ് എന്ന് റേഷൻ കാർഡിന് പുറകിൽ എഴുതിയ സർട്ടിഫിക്കറ്റ് അദാലത്തിൽ വെച്ച് തന്നെ മന്ത്രി കൈമാറി. ഇത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നു പറഞ്ഞ  ഷാജി സർക്കാരിനും മന്ത്രിക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.

date