Skip to main content
അഷ്റഫിന് വൈക്കം താലൂക്ക് അദാലത്തിൽ മന്ത്രി വി.എൻ. വാസവൻ മുൻഗണനാ റേഷൻ കാർഡ് കൈമാറുന്നു

അദാലത്തിലൂടെ സാജിദയ്ക്കും കുടുംബത്തിനും മുൻഗണനാ റേഷൻ കാർഡിന്റെ ആശ്വാസം

കോട്ടയം: വൈക്കം താലൂക്ക് അദാലത്തിലൂടെ സംസ്ഥാന മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി  റേഷൻ കാർഡ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് തലയോലപ്പറമ്പ് സ്വദേശി സാജിദാ അഷ്റഫും കുടുംബവും . സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കരുതലും കൈത്താങ്ങും വൈക്കം താലൂക്ക്തല അദാലത്തിലൂടെയാണ് മന്ത്രി വി.എൻ. വാസവനിൽ നിന്നു സാജിദ  മുൻഗണനാ റേഷൻ കാർഡ് ഏറ്റുവാങ്ങിയത്. ഭർത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് സാജിദയുടെ കുടുംബം. സാജിദയുടെ ഭർത്താവ് അഷ്റഫ് പക്ഷാഘാതത്തെത്തുടർന്നു ചികിത്സ തേടുന്നയാളാണ്.  മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളും . വിദേശത്ത് ജോലി ചെയ്തിരുന്ന അഷ്റഫിന് പക്ഷാഘാതത്തെത്തുടർന്നാണ് ജോലി  നഷ്ടമായതും കുടുംബം പ്രതിസന്ധിയിലായതും. നിലവിൽ വീടുകൾ തോറും കയറി സോപ്പുപൊടി വിറ്റാണ് അഷ്റഫ് കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്.
 18,000 രൂപയോളമാണ് അഷ്റഫിന് ചികിത്സയുടെ ഭാഗമായി ഒരു കുത്തിവെയ്പ്പിന് വേണ്ടി വരുന്നത്. കൂടാതെ മകന്റെ ചികിത്സയ്ക്കുള്ള പണവും കണ്ടെത്തണം. എന്നാൽ റേഷൻ കാർഡ് എ.പി.എൽ വിഭാഗത്തിലായതിനാൽ സൗജന്യ ചികിത്സാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ സാജിദ പരാതിയുമായെത്തിയത്. പരാതി പരിഗണിച്ച മന്ത്രി വി.എൻ. വാസവൻ അദാലത്തിൽ വച്ച്  തന്നെ സാജിദയുടെ ഭർത്താവ് അഷ്റഫിന് സംസ്ഥാന മുൻ ഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയുള്ള റേഷൻ കാർഡ് കൈമാറുകയായിരുന്നു. 

date