Skip to main content
വിമല

4 വർഷത്തെ കുടിവെള്ള കണക്ഷൻ കുടിശ്ശിക പലിശയും പിഴപ്പലിശയും ഒഴിവാക്കും; വിമലയ്ക്ക് മന്ത്രിയുടെ ഉറപ്പ്

കോട്ടയം: 14 വർഷത്തെ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നും വിച്ഛേദിച്ച കുടിവെള്ള കണക്ഷൻ പുനസ്ഥാപിക്കണമെന്നുമുള്ള ആവശ്യവുമായാണ് വെച്ചൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് ശ്രീജിത്ത് ഭവനിൽ വി.പി വിമലയെന്ന വയോധിക വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന താലൂക്ക്  അദാലത്തിനെത്തിയത്. വിമലയുടെ പരാതി പരിഗണിച്ച ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ
പലിശയും പിഴപ്പലിശയും ഒഴിവാക്കി  അടയ്ക്കാനുള്ള തുക 5845 രൂപയിൽ നിന്ന് 4365 രൂപയാക്കി കുറച്ചു . ഇതു പത്ത് തവണയായി ഒടുക്കിയാൽ മതിയെന്നും  മന്ത്രി വിമലയ്ക്ക് ഉറപ്പു നൽകി. ആദ്യ ഗഡു അടച്ച് കഴിഞ്ഞാൽ കുടിവെള്ള കണക്ഷൻ പുനസ്ഥാപിക്കാനും മന്ത്രി നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
2009 ൽ എടുത്ത കണക്ഷൻ 2017 ലാണ് വിച്ഛേദിച്ചത്. കണക്ഷൻ ലഭിച്ച അന്നുമുതലുള്ള തുക അടച്ചിരുന്നില്ല. തുകയും അതിന്റെ പലിശയും പിഴപ്പലിശയും ചേർത്ത് അടയ്ക്കാനായിരുന്നു വാട്ടർ അതോറിറ്റിയിൽനിന്നു വന്ന നിർദ്ദേശം.
മൂന്ന് മക്കളാണ് 64 വയസുകാരിയായ വിമലയ്ക്കുള്ളത്. മക്കൾ വേറെയാണ് താമസം. നിലവിൽ ഒറ്റയ്ക്ക് താമസിക്കുന്ന വിമലയ്ക്ക് പെൻഷൻ മാത്രമാണ് വരുമാനം. പത്ത് വർഷത്തോളം റോഡ് വക്കിൽ ഭക്ഷണമുണ്ടാക്കി വിറ്റായിരുന്നു ജീവിച്ചത്. കുറച്ച് വർഷം മുമ്പുണ്ടായ  അപകടത്തിൽ കാലിന് പരുക്കേൽക്കുകയും ജോലി ചെയ്യാൻ പറ്റാതാവുകയുമായിരുന്നു. രണ്ട് വർഷമായി ഊന്ന് വടിയുടെ സഹായത്തോടെയാണ് വിമല നടക്കുന്നത്. കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് തൊട്ടടുത്തുള്ള പറമ്പിലെ പഞ്ചായത്ത് കിണറിനെയാണ്. ശാരീരിക അവശതകൾ കാരണം വെള്ളം ചുമന്ന് കൊണ്ട് വരുന്നത് വളരെ ബുദ്ധിമുട്ടിയാണ്.
 

date