Skip to main content
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്ത് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല നഗരസഭ ചെയര്‍ പേഴ്‌സണ്‍ അനു ജോര്‍ജ് തുടങ്ങിയവര്‍  സമീപം

സമയബന്ധിതമായ പരിഹാരമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത് : മന്ത്രി ജി.ആര്‍. അനില്‍

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം എന്നതാണ് കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിത്യജീവിതത്തില്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളുമായാണ് ജനങ്ങള്‍ അദാലത്തില്‍ എത്തുന്നത്.  പല വിഷയങ്ങള്‍ക്കും പരിഹാരം കാണാന്‍ അദാലത്തിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് അവര്‍ എത്തുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ട്.
പൊതുവിതരണ വകുപ്പിന്റെ മുന്‍ഗണന കാര്‍ഡ് മാറ്റത്തിനായി അപേക്ഷയുമായി രോഗികള്‍  അടക്കമുള്ള നിര്‍ധനര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അദാലത്തിലൂടെ സാധിച്ചു. അദാലത്തിലെത്തുന്ന പരാതികളില്‍ കൂടുതലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി   ബന്ധപ്പെട്ടതാണെന്നും അവയെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്,അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല നഗരസഭ ചെയര്‍ പേഴ്‌സണ്‍ അനു ജോര്‍ജ്,എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യു, ലതാ കുമാരി,  എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആര്‍. സനല്‍കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                    

 

date