Skip to main content

താലൂക്കുതല അദാലത്തുകളില്‍ ഇതുവരെ 649 പരാതികള്‍ പരിഹരിക്കപ്പെട്ടു: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയില്‍ നടത്തിയ താലൂക്കുതല അദാലത്തുകളില്‍ ഇതുവരെ 649 പരാതികള്‍ പരിഹരിക്കപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും തിരുവല്ല താലൂക്കുതല അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ നീതി ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ  പരിശ്രമമാണ് കരുതലും കൈത്താങ്ങും അദാലത്ത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ ഫയല്‍ തീര്‍പ്പാക്കലിന്റെ തുടര്‍ച്ചയാണ് അദാലത്ത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി ഉറപ്പാക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയാണ് അദാലത്തിലേക്കുള്ള പരാതികള്‍ സ്വീകരിച്ചത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവും. ജില്ലയിലെ  അദാലത്തുകള്‍ പൂര്‍ണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ന്യായമായ പരിഹാരം അതിവേഗം കാണുന്നതിനുള്ള ഉപാധിയാണ് അദാലത്തെന്ന് അഡ്വ. മാത്യു ടി. തോമസ് എം എല്‍ എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരാതികളാണ് അദാലത്തില്‍ ലഭിച്ച പരാതികളില്‍ അറുപതു ശതമാനവും. ഇത്തരം പരാതികളില്‍ വസ്തു നിഷ്ഠമായ പരിശോധന നടത്തണം. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും എംഎല്‍എ പറഞ്ഞു.

date