Skip to main content

കാലാവസ്ഥാ വ്യതിയാന ദുരന്ത പ്രതിരോധത്തിന് ജനകീയ കണക്കെടുപ്പ് : ഏഴിക്കര പഞ്ചായത്തിൽ തുടക്കം

ഓരു വേലിയേറ്റ വെള്ളപ്പൊക്ക ഭൂപടം തയ്യാറാക്കാനുള്ള പ്രവർത്തനം ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ്  ഉദ്‌ഘാടനം ചെയ്തു.  ഇക്വിനോക്ട്, എം. എസ്. എസ്. ആർ. എഫ്  എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക നേതൃത്വത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെയുമാണ് ഈ നൂതന ആശയം പ്രാവർത്തികമാക്കിയിരിക്കുന്നത്.

ഓരു വേലിയേറ്റ വെള്ളപ്പൊക്കം കഴിഞ്ഞ കുറച്ചു വർഷങ്ങളായി അതിന്റെ തീവ്രതയിലും പരപ്പിലും, വെള്ളപ്പൊക്കം  ബാധിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. മുൻപ്  വൃശ്ചിക മാസത്തിൽ മാത്രം വീട്ടുവളപ്പുകളിൽ കയറിയിരുന്ന ഓരുവെള്ളം ഇപ്പോൾ മെയ്  വരെയും ചില സമയം വീടുകൾക്കുള്ളിൽ പോലും കയറി കൊണ്ടിരിക്കുന്നു.  ജില്ലയിലെ  ഇരുപത് തീരദേശ പഞ്ചായത്തുകളെ ഇത്  ബാധിക്കുന്നുണ്ട്. ആഗോളതാപനത്തിന്റെ ഫലമായി കടൽ നിരപ്പ് ഉയരുന്നത് വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ തോത് ക്രമാതീതമായി വർധിക്കാൻ ഒരു പ്രധാന കാരണമാണെങ്കിലും
 വേലിയേറ്റ വെള്ളപ്പൊക്കം ഇന്നും ഒരു പ്രകൃതിദുരന്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. 
ഈ സാഹചര്യത്തിൽ ഇതിനെ കുറിച്ച് ജനകീയ പങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയ പഠനം ലക്ഷ്യമാക്കി , ജില്ലയിലെ തീരദേശ പഞ്ചയാത്തുകളിൽ  വേലിയേറ്റ വെള്ളപ്പൊക്കം അടയാളപ്പെടുത്താനുള്ള കലണ്ടർ വിതരണം ചെയ്തു. കഴിഞ്ഞ ഏഴ്  മാസമായി ജനങ്ങൾ ഓരു വെള്ളം കയറുന്നതിന്റെ ദിവസങ്ങളും അളവും ഉയരവും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഏഴിക്കര പഞ്ചായത്തിൽ മാത്രം 1400 കലണ്ടർ ആണ് ഇത്തരത്തിൽ ദുരിതബാധിതരായ ജനങ്ങൾ അടയാളപ്പെടുത്തികൊണ്ടിരിക്കുന്നത്.

പുതുമയാർന്ന ഈ ജനകീയമായ കണക്കെടുപ്പ് രേഖകൾ, തിരിച്ചു ശേഖരിച്ചു  ഇതിലൂടെ ലഭിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള  പ്രാദേശിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾക്ക്  പരിഹാര പദ്ധതികൾ രൂപകൽപന ചെയ്യാനുള്ള അടുത്തഘട്ടം വളരെ എളുപ്പമാകും.

ജനങ്ങളുടെയും, ശാസ്ത്രജ്ഞരുടെയും, വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെയുള്ള ഇത്തരം കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തിന്റെ സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ തേടാനാവൂ എന്ന് ഏഴിക്കര പഞ്ചായത്ത് പ്രസിഡണ്ട്  പറഞ്ഞു.

വാർഡ് മെമ്പർമാരായ  കെ. ൻ. വിനോദ്,  ജിന്റ അനിൽകുമാർ,  സുമ രാജേഷ്,  എൻ.ആർ സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ  പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർ, മഹാരാജാസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ സഹായത്തോടെ കലണ്ടറുകൾ തിരിച്ചു വാങ്ങുകയും അതുപയോഗിച്ചു വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ആദ്യ ജനകീയ രേഖ തയ്യാറാക്കുകയും ചെയ്യും. 
ന്യൂ ഡൽഹിയിലുള്ള അശോക യൂണിവേഴ്സിറ്റി, നെതർലാൻഡിലുള്ള റാഡ്ബൗഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികളും ഈ പുതു സംരഭം പഠിക്കാനായി സംഘത്തിലുണ്ട്.

ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ ഇക്യുനോട്ട്, എം.എസ് സ്വാമിനാഥൻ ഗവേഷണനിലയം തുടങ്ങിയ സ്ഥാപനകളുടെ പ്രതിനിധികളായ ഡോ.  സി. ജയരാമൻ, ഡോ. സി. ജി. മധുസൂദനൻ, ഡോ. കെ ജി ശ്രീജ, എം പി ഷാജൻ ,അജിൻ വിൻസെന്റ്, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഗവേഷകർ വിദ്യാർത്ഥികൾ എന്നിവർ കണക്കെടുപ്പിന് നേതൃത്വം നൽകി.
ഏഴിക്കര പഞ്ചായത്ത് ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ എം. ബി ചന്ദ്രബോസ്,  പി.കെ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു.

date