Skip to main content

കരുതലും കൈത്താങ്ങും: ജില്ലയിലെ ആദ്യ അദാലത്തിനൊരുങ്ങി കണയന്നൂർ

 

134 പരാതികളിൽ നടപടി പൂർത്തിയായി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തിന് ഒരുങ്ങി കണയന്നൂർ താലൂക്ക്. ജില്ലയിലെ ആദ്യ അദാലത്ത്  മെയ് 15 ന് കണയന്നൂർ താലൂക്കിൽ നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും. രാവിലെ 10 മുതലാണ് അദാലത്ത് ആരംഭിക്കുക.

 അദാലത്തിന്റെ ഭാഗമായി താലൂക്കിൽ വിവിധ വകുപ്പുകളിലായി  ലഭിച്ച 370 പരാതികളിൽ 134 പരാതികളിൽ നടപടി പൂർത്തീകരിച്ചു. ശേഷിക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നടപടി പുരോഗമിക്കുകയാണ്.
അദാലത്തിൽ  ജില്ലാ തല ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഹെഡ് സർവേയർമാർ എന്നിവർ പങ്കെടുക്കും.

ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം), സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ (വീട്, വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, തെരുവ് നായ സംരക്ഷണം/ശല്യം, പരിസ്ഥിതി സംരക്ഷണം/മാലിന്യ സംസ്കരണം,  അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങൾ, വഴിതടസപ്പെടുത്തൽ, വയോജന സംരക്ഷണം,  കെട്ടിട നിർമ്മാണ ഘട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), റേഷൻകാർഡ് (എ.പി.എൽ, ബി.പി.എൽ ചികിത്സാ ആവശ്യങ്ങൾക്ക്) വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്ന് ക്ഷാമം,  ശാരീരിക ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളുമാണ് അദാലത്തിൽ പരിഗണിക്കുന്നത്. 

ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സമയം നല്‍കിയിരുന്നു. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് ദിവസം നേരിട്ട് എത്തിയും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകും.

date