Skip to main content

താലൂക്കുതല അദാലത്തിൽ പരമാവധി പരാതികൾ പരിഹരിക്കും: മന്ത്രി പി. രാജീവ്‌

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിൽ ജനങ്ങളുടെ പരമാവധി  പരാതികൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് വ്യവസായ വകുപ്പ്‌ മന്ത്രി പി. രാജീവ്‌. കണയന്നൂർ താലൂക്കിൽ നടക്കുന്ന കരുതലും കൈത്താങ്ങും ആദ്യ താലൂക്കുതല അദാലത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളെ സംബന്ധിച്ചുള്ള പരാതികൾ തീർപ്പാക്കാൻ അദാലത്തിന് നേതൃത്വം നൽകുന്ന മന്ത്രിമാർക്ക് അധികാരം നൽകിയിട്ടുണ്ട്.  അപേക്ഷകർക്ക് നൽകുന്ന സീരിയൽ നമ്പർ ക്രമത്തിൽ ആയിരിക്കും പരാതികൾ പരിഗണിക്കുക. അദാലത്ത് ദിവസം നേരിട്ട് എത്തുന്ന  പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കുമെന്നും  മന്ത്രി പറഞ്ഞു.

അദാലത്തുമായി ബന്ധപ്പെട്ട്  എല്ലാ താലൂക്കുകളിലും  ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദാലത്തിന്റെ ഭാഗമായി താലൂക്കിൽ വിവിധ വകുപ്പുകളിലായി  ലഭിച്ച 370 പരാതികളിൽ 139 പരാതികളുടെ നടപടി പൂർത്തീകരിച്ചതായും ശേഷിക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നടപടി പുരോഗമിക്കുകയാനെന്നും  ജില്ലാ കളക്ടർ  എൻ.എസ്.കെ ഉമേഷ് പറഞ്ഞു.

 എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും ജില്ലയിലെ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും നിർബന്ധമായും അദാലത്തിൽ പങ്കെടുക്കണം. അദാലത്തിന്റെ ഭാഗമായി അക്ഷയ സെന്ററുകൾ പ്രവർത്തിക്കും. ഹരിത മാർഗരേഖ പാലിച്ചായിരിക്കും അദാലത്ത് നടക്കുക. കുടുംബശ്രീയുടെ ഫുഡ്‌ ഔട്ട്ലെറ്റും പ്രവർത്തിക്കും.  എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും കളക്ടർ പറഞ്ഞു. 

മെയ് 15 നാണ് കണയന്നൂര്‍ താലൂക്കിലെ അദാലത്ത്.  എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവർ നേതൃത്വം നല്‍കും. യോഗത്തിൽ  എ.ഡി.എം (ഇൻ ചാർജ് ) എസ്. ബിന്ദു, ഡെപ്യൂട്ടി കളക്ടർ ബി.അനില്‍ കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. അനില്‍കുമാര്‍ മേനോന്‍ തുടങ്ങിയവർ പങ്കെടുത്തു.

date