Skip to main content

നിരക്ക് വര്‍ധന: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പൊതുതെളിവെടുപ്പ് നടത്തി

 

വൈദ്യുതി ചാര്‍ജ് നിരക്ക് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ജില്ലയില്‍ പൊതുതെളിവെടുപ്പ് നടത്തി. കമ്മീഷന്‍ ചെയര്‍മാന്‍ ടി.കെ. ജോസിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍, വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിവിധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒരേ നിരക്കിലുള്ള വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് റെക്കഗ്‌നൈസ്ഡ് സ്‌കൂള്‍ അസോസിയേഷന്‍ പ്രതിനിധി ആവശ്യപ്പെട്ടു. വ്യവസായങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കളായ എ.ആര്‍. സതീഷ്, സാംബശിവന്‍, വി.പി. ജോര്‍ജ്, ജേക്കബ് മാത്യു  എന്നിവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. 

എച്ച്ടി & ഇഎച്ച്ടി അസോസിയേഷന്‍ പ്രതിനിധി കെ.പി. രാധാകൃഷ്ണന്‍, കെ.എസ്.ഇ.ബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ഷിനു സെബാസ്റ്റ്യന്‍, ബിപിസിഎല്‍ പ്രതിനിധി ആന്റണി സായ്, ഹിന്‍ഡാല്‍കോയുടെ എച്ച്.പ്രദീപ്, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി എന്‍. നന്ദകുമാര്‍ എന്നിവര്‍ വിശദമായ നിര്‍ദേശങ്ങളുടെ അവതരണം നടത്തി. 

വിവിധ വ്യവസായ സ്ഥാപനങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച് എ. തസ്ലീന്‍, എം.എസ്. സജീവ്, പി.എം. സുജിത്ത്, ടി. സിറാജ്, എം.എസ്. അശോകന്‍, എം.എസ്. സതീഷ് കുമാര്‍, ഷാജി സെബാസ്റ്റിയന്‍, ഇ.എം. അനില്‍കുമാര്‍, സി.എസ്. നിതിന്‍, രഞ്ജിത്ത് ജേക്കബ്, ജയദേവന്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ അറിയിച്ചു. 

ഗ്രീന്‍ താരിഫ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പരാതികളും കമ്മിഷന്‍ കേട്ടു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ താരിഫ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രസന്റേഷനുകളും നടന്നു. 
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതുജനങ്ങളും വ്യവസായ മേഖലകളിലെ പ്രതിനിധികളും കമ്മിഷന് നിര്‍ദേശങ്ങള്‍ എഴുതി തയാറാക്കി നല്‍കി. വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാല് മേഖലകളിലായാണ് കമ്മിഷന്‍ തെളിവെടുപ്പ് സംഘടിപ്പിക്കുന്നത്. തെളിവെടുപ്പില്‍ കമ്മിഷന്‍ അംഗങ്ങളായ ബി. പ്രദീപ്, അഡ്വ. എ.ജെ. വില്‍സണ്‍, കമ്മിഷന്‍ സെക്രട്ടറി സി.ആര്‍. സതീഷ് ചന്ദ്രന്‍, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് പി.വി. ശിവപ്രസാദ്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മെയ് 15 ന് തിരുവന്തപുരത്താണ് അടുത്ത തെളിവെടുപ്പ്. 15ന് തിരുവനന്തപുരം വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഹാളിലാണ് സിറ്റിങ്. പൊതു തെളിവെടുപ്പ് പൂര്‍ത്തിയായതിനു ശേഷമേ നിരക്ക് പരിഷ്‌കരിക്കുന്നതില്‍ കമ്മിഷന്‍ തീരുമാനമെടുക്കുകയുള്ളൂ.

തപാല്‍ മുഖേനയും ഇ-മെയില്‍ (kserc@erckerala.org) മുഖേനെയും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. തപാല്‍/ഇ-മെയില്‍ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ മെയ് 15നു വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും.

date