Skip to main content

പെരുമ്പാവൂർ  നഗരസഭയിൽ സ്റ്റേഡിയം ഒരുങ്ങുന്നു 

 

 പെരുമ്പാവൂരിൻ്റെ കായിക പ്രേമികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കികൊണ്ട് നഗരസഭ കായിക സ്റ്റേഡിയം പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. അത്യാധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പെരുമ്പാവൂർ ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് പുതിയ സ്റ്റേഡിയത്തിന്റെ നിർമ്മാണം.

സ്റ്റേഡിയത്തിൽ ഇലവൻസ് ഫുട്ബോൾ ഗ്രൗണ്ടിനൊപ്പം 400 മീറ്റർ സിന്തറ്റിക് ട്രാക്ക് സൗകര്യവും ഉണ്ടാകും. 
കൂടാതെ കാണികൾക്ക് സൗകര്യപ്രദമായ പവലിയൻ, ശുചിമുറി സൗകര്യം, വ്യായാമ കേന്ദ്രം, ഡ്രസ്സിംഗ് ഏരിയ, വിവിധ കായിക ഇനങ്ങളായ ലോങ്ങ് ജമ്പ്, ഹൈജമ്പ്, പോൾ വാൾട്ട്, ഹാർമർ ത്രോ എന്നിവയ്ക്ക് വേണ്ടി പ്രത്യേക പിച്ചുകൾ, പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തും.  

സ്റ്റേഡിയത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്  സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ്.  നിർമ്മാണ പ്രവർത്തനങ്ങളിൽ  ജില്ലാ സ്പോർട്സ് കൗൺസിൽ, കേരള അത് ലറ്റിക് അസോസിയേഷൻ, കായിക രംഗത്തെ   പ്രഗത്ഭരായ പ്രൊഫ പി.ഐ ബാബു, ടി.പി ഔസപ്പ്, രാജു പോൾ, ജിമ്മി ജോസഫ് എന്നിവരടങ്ങുന്ന  വിദഗ്ധ സംഘത്തിന്റെയും സേവനം ലഭ്യമാക്കുമെന്നു അധികാരികൾ പറഞ്ഞു. സ്റ്റേഡിയ നിർമ്മാണത്തിന്റെ പ്രാരംഭ ജോലികൾ എത്രയും വേഗം ആരംഭിക്കാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന ആലോചനയോഗത്തിൽ തീരുമാനിച്ചിരുന്നു.

date