Skip to main content

കരുതലും   കൈത്താങ്ങും; പരാതികളിലെ നടപടികളുടെ ഏകോപനം പുരോഗമിക്കുന്നു

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിൽ ലഭിച്ച പരാതികൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കു ന്നതിനുമുള്ള നടപടികൾ  ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലിൻ്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ജില്ലാതല അദാലത്ത് സെല്ലും താലൂക്ക് അദാലത്ത് സെല്ലും ഒരുക്കിയിട്ടുണ്ട്.

ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ,  താലൂക്ക് ഓഫീസുകൾ വഴിയും ലഭിച്ച പരാതികൾ മോണിറ്ററിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ വേർതിരിച്ചെടുത്ത് ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാ അദാലത്ത് സെല്ലുകൾക്ക്  കൈമാറിയിട്ടുണ്ട്. ഇത്തരം പരാതികൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിനുള്ള ചുമതല ജില്ലാ അദാലത്ത് സെല്ലുകൾക്കാണ്. ലഭിച്ച പരാതിയുമേൽ ബന്ധപ്പെട്ട ഓഫീസുമായി ചർച്ച നടത്തിയാണ്  അദാലത്ത് സെല്ല് മോണിറ്ററിംഗ് സെല്ലിന് പരാതി തിരിച്ചയക്കുന്നത്. ജില്ലാ അദാലത്ത് സെല്ലുകളിൽ നിന്ന് തിരിച്ചു ലഭിച്ച പരാതികളിൽ അദാലത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നവ തിരഞ്ഞെടുക്കണം.  അദാലത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന പരാതികൾ താലൂക്ക് ഓഫീസുകളിലേക്ക് കൈമാറുന്ന നടപടികൾ സെല്ലിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടർ ചെയർമാനായും ആർ ഡി ഒ മാർ വൈസ് ചെയർമാനായും ജില്ലാ പ്ലാനിങ് ഓഫീസർ അംഗവുമായിട്ടുള്ള മോണിറ്ററിംഗ് സെല്ലാണ് പരാതികൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്.

പരാതികൾ സ്വീകരിക്കുന്നതിനും സ്വീകരിച്ച പരാതികൾ ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് കൈമാറുകയാണ് താലൂക്കുതല അദാലത്ത് സെല്ലിന്റെ ചുമതല. ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത പരാതികൾ സംബന്ധിച്ച അറിയിപ്പുകൾ ബന്ധപ്പെട്ട അപേക്ഷകൾക്ക് നൽകുന്നതും താലൂക്ക് തല അദാലത്ത് സെല്ലിൻ്റെ ചുമതലയാണ്. അദാലത്ത് സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി നൽകേണ്ടതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതും താലൂക്ക് തല അദാലത്ത് സെൽ ആണ്.

ജില്ലാ ഓഫീസർ കൺവീനറും ജില്ലാതല ഓഫീസിനു കീഴിൽ വരുന്ന ഓഫീസുകൾ, സ്ഥാപനങ്ങൾ  എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ അംഗങ്ങളുമായാണ് ജില്ലാ അദാലത്ത് രൂപീകരിച്ചിരിക്കുന്നത്. 
ഒരു ഡെപ്യൂട്ടി കളക്ടർ കൺവീനറും തഹസിൽദാർ ജോയിൻ്റ് കൺവീനറുമായാണ് താലൂക്ക് തല രൂപീകരിച്ചിരിക്കുന്നത്.

മെയ് 15ന് കണയന്നൂർ താലൂക്കിലാണ് ജില്ലയിലെ ആദ്യ അദാലത്ത് നടക്കുന്നത്. എറണാകുളം ടൗൺഹാളാണ് വേദി. മെയ് 16ന് പറവൂർ താലൂക്കിലെ കേസരി ബാലകൃഷ്ണ പിള്ള മെമ്മോറിയൽ ടൗൺഹാളിലും 18ന് ആലുവ താലൂക്കിലെ അദാലത്ത് മഹാത്മാഗാന്ധി ടൗൺഹാളിലുമാണ് സംഘടിപ്പിക്കുന്നത്. 22ന് കുന്നത്തുനാട് താലൂക്കിലെ അദാലത്ത് പെരുമ്പാവൂർ ഇ.എം.എസ് മെമ്മോറിയൽ ടൗൺഹാളിലും കൊച്ചിയിലെ അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാളിലുമാണ് നടക്കുന്നത്. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാർത്തോമ ചെറിയ പള്ളി കൺവെൻഷൻ സെന്ററിലും നടക്കും. 

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവരാണ് ജില്ലയിൽ അദാലത്തിന് നേതൃത്വം നൽകുന്നത്.  ഏപ്രിൽ 15ന് മുമ്പായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് അദാലത്ത് ദിവസം നേരിട്ട് എത്തി അപേക്ഷകൾ സമർപ്പിക്കാം അവസരമുണ്ടായിരിക്കും.

date