Skip to main content

ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറുദിനകര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ സര്‍വേയ്ക്ക് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. സര്‍വേ ഉദ്ഘാടനം വള്ളംകുളം കാവുങ്കല്‍ ജംഗ്ഷനില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ നിര്‍വഹിച്ചു.
സാക്ഷരതാ മിഷന്‍, കൈറ്റ് കേരള, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണ് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടത്തുന്നത്. സാധാരണ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ മേഖലയെക്കുറിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സര്‍വേ. ഡിജിറ്റല്‍ സര്‍വേ ഫോം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഓരോ വാര്‍ഡിലും സര്‍വേ ടീം ഇതിനായി രൂപീകരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് ലഭ്യതയും ഉള്ളവരുടെ വിവരങ്ങള്‍ സര്‍വേയിലൂടെ ശേഖരിക്കും. ഡിജിറ്റല്‍ മേഖലയിലെ പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം കണ്ടെത്തുന്നതിന് പതിമൂന്നു ചോദ്യങ്ങള്‍ സര്‍വേഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാമിഷന്‍ ജില്ലാ കോഓര്‍ ഡിനേറ്റര്‍ പദ്ധതി വിശദീകരണം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ എസ് രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ വിജയമ്മ, അനില്‍ ബാബു, എം എസ് മോഹനന്‍, ബിജി ബെന്നി,അമ്മിണി ചാക്കോ, ഷേര്‍ലി ജയിംസ്, ആര്‍ ജയശ്രീ, പൊതുപ്രവര്‍ത്തകരായ കെ എന്‍ രാജപ്പന്‍, കെ ആര്‍ പ്രസാദ്, സാക്ഷരതാ മിഷന്‍ അസി. കോഓര്‍ഡിനെറ്റര്‍ വൈ സജീന, ഇ മുറ്റം കോഓര്‍ഡിനേറ്റര്‍ വനമാലി ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

date