Skip to main content

വായനയുടെ ലോകത്തേക്ക് വിദ്യാർത്ഥികൾ: 'അക്ഷര കൊയ്ത്തിന്' ജില്ലയിൽ തുടക്കം

 ജില്ല ഭരണവും ജില്ല പഞ്ചായത്തും സംയുക്തമായി വിദ്യാർഥികളിൽ വായനശീലം വളർത്തുക, സ്‌കൂളുകളിലെ ഗ്രന്ഥശാലകളെ ശക്തിപ്പെടുത്തുക തുടങ്ങയ  ലക്ഷ്യത്തോടെ ആരംഭിക്കുന്ന അക്ഷര കൊയ്ത്തിന്  ജില്ലാതല തുടക്കമായി. പരിപാടിയുടെ  ഉദ്ഘാടനം മണ്ണഞ്ചേരി ഹൈസ്‌കൂളിൽ ജില്ല കളക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്‌കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനവും കളക്ടർ നിർവഹിച്ചു. 
അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് തൊട്ടടുത്തുള്ള ലൈബ്രറികളിൽ  സൗജന്യമായി പ്രവേശന സൗകര്യം ഒരുക്കുമെന്ന് ജില്ല കളക്ടർ പറഞ്ഞു. ലൈബ്രറി കൗൺസിലിൽ അംഗമായ ലൈബ്രറികളിലാണ് ഈ സംവിധാനം നടപ്പാക്കുക. തൊട്ടടുത്ത് ലൈബ്രറികളില്ലാത്ത വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ നിന്നും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ അധ്യാപകർ വിദ്യാർഥികൾക്ക് പുസ്തക വിതരണം നടത്തും. പരിപാടിയുടെ ഭാഗമായി കുട്ടികൾ പങ്കെടുക്കുന്ന പുസ്തക ചർച്ചകൾ സംഘടിപ്പിക്കും. കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്  ബ്ലോഗും തുടങ്ങുമെന്ന് കളക്ടർ അറിയിച്ചു. കുട്ടികൾക്ക് മികച്ച വായനക്കാരുമായി സംവദിക്കാനുള്ള അവസരം ഒരുക്കും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല അധ്യാപകൻ മുഹമ്മദ് മേത്തർ, ചെറുകഥാകൃത്ത് നൈന മണ്ണഞ്ചേരി, കവി സി. ജി. മധു തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. 
ചടങ്ങിൽ ജില്ല പഞ്ചയത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. സബീന, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ കെ.ഉദയമ്മ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.പി.ഉല്ലാസ്, ഗ്രാമപഞ്ചായത്ത് അംഗം നവാസ് നൈന,ദാരിദ്ര്യ ലഘുകരണ വിഭാഗം ജോയിന്റ് ഡയറക്ടർ വി. പ്രദീപ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ. രതികുമാർ, പി.ടി.എ പ്രസിഡന്റ് സി.എച്ച്. റഷീദ്, എസ്.എം.സി. പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, മണ്ണഞ്ചേരി ഗവ. ഹൈ സ്‌കൂൾ  ഹെഡ്മിസ്ട്രസ് സുജാത തുടങ്ങിയവർ പങ്കെടുത്തു.

date