Skip to main content

ഡിജിറ്റൽ സാക്ഷരത സർവേയ്ക്ക് തുടക്കമായി

 മാരാരിക്കുളം തെക്ക് ​ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ സാക്ഷരത പഠിതാക്കളെ കണ്ടെത്തുന്ന സർവേയ്ക്ക് തുടക്കമായി. ഡിജിറ്റൽ ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരത മിഷനും മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാ​ഗമായാണ് സർവേ. സർവേയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത നിർവ്വഹിച്ചു.

സ്മാർട്ട് ഫോണിന്റെ ഉപയോഗം, ഓൺലൈൻ സേവനങ്ങൾ, ഓൺലൈൻ പേയ്മെന്റുകൾ തുടങ്ങിയവ പഠിപ്പിക്കുന്ന  പത്ത് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ ക്ലാസുകളാണ് നൽകുന്നത്. 15 വയസിന് മുകളിലുള്ളവർക്കാണ് ക്ലാസ് നൽകുക. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പഞ്ചായത്തംഗങ്ങളുമായി ബന്ധപ്പെടണം. http://apps.kite.kerala.gov.in/digitalliteracy എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുന്നവർക്ക് വോളന്റിയർമാരാകാം. കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയ പ്ലസ്ടു, കോളേജ് വിദ്യാർത്ഥികളാണ് ഇൻസ്ട്രക്ടർമാർ. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീല സുരേഷ്, പി.ജെ. ഇമ്മാനുവൽ, പഞ്ചായത്ത് അംഗങ്ങളായ ടി.പി. ഷാജി, സുഖ് ദേവ്, രജിമോൾ ശിവദാസ്, മായദേവി, ജില്ല സാക്ഷരത മിഷൻ കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത പദ്ധതി കോ-ഓർഡിനേറ്റർ സരിത തുടങ്ങിയവർ പങ്കെടുത്തു. സർവേ 16 ന് അവസാനിക്കും

date