Skip to main content
.

വനംവകുപ്പ് മാറ്റത്തിന്റെ പാതയില്‍: മന്ത്രി എ.കെ ശശീന്ദ്രന്‍

*കുരുതിക്കളം ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു

വനംവകുപ്പ് മാറ്റത്തിന്റെ പാതയിലാണെന്നും പ്രവര്‍ത്തനങ്ങള്‍ ജനകീയമായാണ് മുന്നോട്ട് പോകുന്നതെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ്മപരിപാടിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച കുരുതിക്കളം ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക്‌പോസ്ററ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'കാടിനെ കാക്കാം നാടിനെ കേള്‍ക്കാം' എന്ന സന്ദേശത്തോടെ സംസ്ഥാനത്തെ 21 കേന്ദ്രങ്ങളില്‍ നടത്തിയ വനസൗഹൃദ സദസ്സുകള്‍ വലിയ വിജയമായിരുന്നു. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളെയും ചേര്‍ത്തു നിര്‍ത്തുകയാണ് സര്‍ക്കാര്‍ നയം. വിവിധ ആവശ്യങ്ങള്‍ക്കായി വനം വകുപ്പിനെ സമീപിക്കുന്ന ജനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വനപാലകരും ജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ കൂടുതല്‍ ഇടപെടലുകളുണ്ടാകും. വനം വകുപ്പമായി ബന്ധപ്പെടുക, സേവനങ്ങള്‍ തേടുക, ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് ഒരു ബാലികേറാ മലയായിട്ടാണ് പലരും കരുതിയിരുന്നത്. ആ ധാരണ മാറ്റി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അധ്യക്ഷത വഹിച്ചു.
70 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക നിലവാരത്തിലാണ് സംയോജിത ചെക്ക് പോസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഗാര്‍ഡ് റൂം, ഇക്കോ ഷോപ്പ്, ശുചിമുറികള്‍ തുടങ്ങി യാത്രികര്‍ക്കും ഉപകാരപ്രദമായ സൗകര്യങ്ങള്‍ ചെക്ക്പോസ്റ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഫോറസ്റ്റ് റേഞ്ചുകളില്‍ ഉള്‍പ്പെടുന്ന കുമളി റേഞ്ചിലെ കമ്പംമെട്ട്, മറയൂര്‍ റേഞ്ചിലെ ചട്ടമൂന്നാര്‍, പദ്ധതികളും മന്ത്രി നാടിന് സര്‍പ്പിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസിധരന്‍, ജനപ്രതിനിധികളായ ടെസ്സിമോള്‍ മാത്യൂ, പോള്‍ സെബാസ്റ്റ്യന്‍, കോതമംഗലം ഡിഎഫ്ഒ വരുണ്‍ ഡാലിയ, തൊടുപുഴ റേഞ്ച് ഓഫീസര്‍ സിജോ സാമൂവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date