Skip to main content
യങ് അചീവേഴ്സ് മീറ്റിൽ പുതുക്കാട് ഗ്രാമപഞ്ചായത്തിൽ  നിന്നും തെരഞ്ഞെടുക്കപെട്ട  സിയ സുരേഷ്

യങ് അച്ചീവേഴ്സ് മീറ്റിൽ താരമായി സിയ സുരേഷ്

ആലാപന ചാതുരി കൊണ്ടും പ്രചോദനാത്മകമായ വാക്കുകൾ കൊണ്ടും കണ്ടുനില്കുന്നവരുടെ ഹൃദയം കീഴടക്കി സിയ സുരേഷ് മേളയുടെ താരമായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന യങ് അചീവേഴ്സ് മീറ്റിൽ പങ്കെടുക്കാനെത്തിയതാണ് പുതുക്കാട് സ്വദേശി സിയ. ആകസ്മികമായി ജീവിതത്തിലുണ്ടായ ദുരന്തത്തെ തോൽപ്പിച്ച് മുൻപന്തിയിലേക്ക് എത്തിയതാണ് അവർ. 

പത്തുവർഷങ്ങൾക്കു മുമ്പ് മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച സിയ ആദ്യഘട്ടത്തിൽ വിഷാദത്തിൻ്റെ ആഴങ്ങളിൽ വീണു പോയതാണ്. പഠനവും ഭാവിയും ഓർത്ത് എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നു. സംഗീതം സിയയെ സ്വപ്നങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി. അതിമനോഹര ശബ്ദത്താൽ അവൾ വേദികൾ കീഴടക്കി. ഇല്ലായ്മകളെ കുറിച്ച് മാത്രം ചിന്തിക്കാതെ ഉള്ള കഴിവുകളെ കുറിച്ച് മാത്രം ചിന്തിക്കാൻ സിയ പറഞ്ഞത് നിറഞ്ഞ കയ്യടിയോടെ സദസ്സ് സ്വീകരിച്ചു. 

പാതിവഴിയിൽ നിലച്ചുപോയ പാരാമെഡിക്കൽ കോഴ്സിൽ നിന്നുമാറി മോട്ടിവേഷണൽ സ്പീക്കറായും മോഹൻ സിതാരയുടെ കീഴിൽ കർണാടക സംഗീതം പഠിക്കുന്ന വിദ്യാർത്ഥിയായും സിയ മാറി. 

പുതുക്കാട് ചെങ്ങാല്ലൂർ ബാർബർ ഷോപ്പ് നടത്തുന്ന എൻ വി സുരേഷിൻ്റെയും അംബിക സുരേഷിൻ്റെയും മകളാണ് സിയ.  

യങ് അചീവേഴ്സ് മീറ്റിൽ പുതുക്കാട് ഗ്രാമപഞ്ചായത്തിൽ  നിന്നും തെരഞ്ഞെടുക്കപെട്ട മൂന്ന് പേരിൽ ഒരാളാണ് സിയ സുരേഷ്. സാഹചര്യങ്ങൾ എങ്ങനെ വന്നു പെട്ടാലും സ്വപ്നങ്ങൾ കൈവിടാതെ മുന്നേറണമെന്ന സന്ദേശം നൽകി കൊണ്ടാണ് സിയ വേദിയിൽ നിന്നും മടങ്ങിയത്. 

മേളയുടെ ആക്ടിവിറ്റി കോർണർ ഉദ്‌ഘാടനം ചെയ്തു രണ്ട് ഗാനം ആലപിച്ചാണ് സിയ മടങ്ങിയത്.

date