Skip to main content
പായസ പാചക മത്സരത്തിന് ശേഷം പ്രദർശിപ്പിച്ചപ്പോൾ

വാഴക്കൂമ്പിനെയും വാഴക്കുടപ്പനെയും താരമാക്കി പായസം മത്സരം

പായസ മധുരമേകാൻ വാഴക്കൂമ്പും വാഴകുടപ്പനും വരെ. എന്റെ കേരളം മെഗാ പ്രദർശന വിപണമേളയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാചകമത്സരത്തിന്റെ രണ്ടാംദിനത്തിലാണ് വാഴക്കൂമ്പും വാഴക്കുടപ്പനും വരെ താരമായത്. വാഴകുടപ്പൻ, റാഗി, ഇളനീർ, മുളയരി, മത്തൻ, ചാമയരി, അവൽ തുടങ്ങിയവ മത്സരത്തില്‍ വേറിട്ടുനിന്നു. കാഴ്ചയുടെ മാത്രമല്ല രുചിയുടെയും വൈവിധ്യങ്ങള്‍ക്ക് വേദിയാവുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശനം.

വാഴക്കൂമ്പും റാഗിയും കൊണ്ട് രുചിയൂറുന്ന പായസമൊരുക്കിയ ചൊവ്വന്നൂർ ബ്ലോക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അവൽ കൊണ്ടുള്ള ചാവക്കാട് ബ്ലോക്കിന്റെ പായസം രണ്ടാം സ്ഥാനം നേടി. അന്തിക്കാട് ബ്ലോക്കിൽ നിന്നുള്ള പായസം മൂന്നാം സ്ഥാനം നേടി. 

ജില്ലയിലെ 14 ബ്ലോക്കില്‍ നിന്നുമുള്ള വനിതകളാണ് മത്സരത്തിനെത്തിയത്. ഒന്നര മണിക്കൂറായിരുന്നു മത്സര ദൈര്‍ഘ്യം. തന്റെ പാചക കഴിവുകൾ കാഴ്ചവയ്ക്കാൻ ഏറെ സന്തോഷത്തോടെയാണ് മത്സരാർത്ഥികൾ എത്തിയത്.

പാലക്കാട് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ലാബ് അസിസ്റ്റന്റ് എ മുഹമ്മദ് കാസിം, തൃശൂർ ഐഫ്രം ഫാക്കൽറ്റി എം കെ ദയാശീലൻ എന്നിവരാണ്  വിധി നിര്‍ണയിച്ചത്.

date