Skip to main content
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെ റോബോട്ടുകൾ

ഷെയ്ക്ക് ഹാൻഡുമായി റോബോട്ടുണ്ട് മുന്നിൽ

എന്റെ കേരളം വിപണന മേളയിൽ എത്തുന്നവർക്ക് ഷെയ്ക്ക് ഹാൻഡ് കൊടുത്തും ചോദ്യങ്ങൾക്ക് മറുപടി കൊടുത്തും പാട്ട് പാടിയും മുന്നിൽ റോബോട്ടുണ്ട്. 

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ കൗതുക കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികളിലെ ടെക്നിക്കൽ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന് ഒരുക്കിയ ടിങ്കറിങ് ലാബിലെ റോബോട്ടുകൾ അറിവും അത്ഭുതവുമായി മാറി സ്റ്റാളിന് മുന്നിൽ കാത്ത് നിൽക്കുയാണ്. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടിന് എക്കോ എന്ന് കമാൻഡ് കൊടുത്ത് ശേഷം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയും റോബോട്ട് നൽകും. ജില്ലയിലെ ജി എച്ച് എസ് എസ് മുപ്ലിയം,  ജി എച്ച് എസ് എസ് നന്ദിക്കര,  ജി എച്ച് എസ് എസ് ചെറുതുരുത്തി എന്നീ സ്കൂളുകളിലാണ് ടിങ്കറിങ് ലാബുകളുള്ളത്.

റോബോട്ടിന് പുറമെ ഏഴാം ക്ലാസുകാരൻ ആൽവിൻ നിർമ്മിച്ച നിരവധി മിനിയേച്ചർ, വിദ്യാർത്ഥികൾ നിർമ്മിച്ച പുതിയ സാങ്കേതിക ഉപകരണങ്ങൾ,  ഗവ. എൽപി , യു പി സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ കൊടുക്കുന്ന പാഠപുസ്തകങ്ങൾ, വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ തീം സ്റ്റാൾ, സെൽഫി കോർണർ തുടങ്ങി നിരവധി കൗതുകം ഉണർത്തുന്ന കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്.

വിദ്യാർത്ഥികൾക്കായി പാട്ടിനും നൃത്തത്തിനും സ്റ്റാളിൽ വേദിയുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളി (കൈറ്റ് ) , സമഗ്ര ശിക്ഷാ കേരള, സമേതം പദ്ധതി തുടങ്ങിയവയെ ഒരു കുടകീഴിൽ ഒരുക്കി  വിദ്യാർത്ഥികൾക്ക് അറിവും ആവേശവും പകരുകയാണ്.

date