Skip to main content

മണിപ്പൂരിൽ നിന്ന് സുരക്ഷിതയായെത്തിയ അനസ്‌താസ്യക്ക് സ്നേഹോപഹാരങ്ങളുമായി എംഎൽഎ 

 

വീട്ടിലെത്തിയ എംഎൽഎയെ ആഹ്ളാദാതിരേകം നന്ദിപൂർവ്വം സ്വീകരിച്ച് അനസ്‍താസ്യയും കുടുംബവും 

വൈപ്പിൻ: "എല്ലാ സഹായത്തിനും പിന്തുണയ്ക്കും നന്ദി" - തന്നെ വീട്ടിൽ സന്ദർശിക്കാനെത്തിയ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയോട് കലാപബാധിതമായ മണിപ്പൂരിൽ നിന്ന് സുരക്ഷിതയായി തിരിച്ചെത്തിയ ചെറായി സ്വദേശിനി വിദ്യാർത്ഥിനി എ എൻ അനസ്ത്യാസ്യ പറഞ്ഞു. വ്യാഴാഴ്‌ച വീട്ടിലെത്തിയ അനസ്ത്യാസ്യയെ ഇന്നലെ രാവിലെയാണ് എംഎൽഎ നേരിൽക്കണ്ട് സന്തോഷം പങ്കിട്ടതും സംയമനത്തോടെയും ധൈര്യത്തോടെയും സാഹചര്യങ്ങളെ അഭിമുഖീകരിച്ചതിന് പൂച്ചെണ്ടും 'ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ' പുസ്‌തകവും മധുരവും നൽകി അഭിനന്ദിച്ചതും.

തങ്ങളുടെ മകൾ മണിപ്പൂരിൽ കുടുങ്ങിയ അവസ്ഥ അറിഞ്ഞതുമുതൽ മുഖ്യമന്ത്രിയെയും നോർക്ക അധികൃതരെയും ബന്ധപ്പെട്ട് വേണ്ട നടപടികൾ കൈക്കൊണ്ടതിനു അനസ്‌ത്യാസ്യയുടെ മാതാപിതാക്കളായ വലിയപറമ്പിൽ വിത്സനും നാൻസിയും കുടുംബവും കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയെ കൃതാർത്ഥത അറിയിച്ചു. ദിവസവും എംഎൽഎ വിളിച്ച് സ്ഥിഗതികൾ ആരായുകയും ധൈര്യം പകരുകയും കഴിയുന്നത്ര വേഗം നാട്ടിലെത്തിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്‌തിരുന്നതായി അനസ്ത്യാസ്യ പറഞ്ഞു. സർക്കാരും നോർക്ക അധികൃതരും എല്ലാ സഹായവും ചെയ്‌തു. കഴിഞ്ഞ മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹോസ്റ്റലിൽ കഴിയേണ്ടി വന്നതിന്റെ അനുഭവങ്ങളും വിദ്യാർത്ഥിനി പങ്കിട്ടു.

നാഷണൽ സ്പോർട്ട്സ് സർവ്വകലാശാലയിൽ സ്പോർട്ട്സ് സൈക്കോളജി ബിരുദാനന്തര ബിരുദം ഒന്നാം വർഷ വിദ്യാർത്ഥിനിയായ തനിക്ക് കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്  ഒരാഴ്‌ചയോളം ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങാനായില്ല. പരീക്ഷ തുടങ്ങേണ്ട കാലമാണ്. വീടുകൾ തോറും അക്രമം നടക്കുന്നതിന്റെ വാർത്തകളാണ് അറിയാൻ കഴിഞ്ഞത്. പട്ടാളം രംഗത്തെത്തി. ആദ്യം വലിയ പ്രശ്‌നം തോന്നിയില്ല. പിന്നെ ഭക്ഷണം പോലും മുടങ്ങുമെന്ന നിലയായി. ഭയാശങ്കകളും ഉറക്കമില്ലാത്ത അവസ്ഥയുമായി. അപ്പോഴാണ് എങ്ങനെയും നാട്ടിലേക്കെത്താൻ സഹായം തേടുന്നത്. ഏതുസമയത്തും ആശ്രയിച്ചത് എംഎൽഎ ഓഫിസിനെയാണ്. 

മണിപ്പൂരിൽ നിന്ന് ചെന്നൈയിൽ എത്തിച്ച സംസ്ഥാന സർക്കാർ തുടർന്ന് നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നോർക്കയുടെ മേൽനോട്ടത്തിൽ ട്രാവലർ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ സുരക്ഷിതമായി നാട്ടിലെത്താനായെന്ന് അനസ്‌താസ്യ ആശ്വസിക്കുന്നു. അടുത്തമാസം 15നു പരീക്ഷകൾ ആരംഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അനസ്‌താസ്യ പറഞ്ഞു. അനസ്ത്യാസയുടെ മൂത്ത സഹോദരൻ അഷ്‌കനാസ് കാനഡയിലാണ്.  

കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയോടൊപ്പം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജിഡ കൗൺസിൽ അംഗം കെ കെ ജയരാജ്, യുവജന സാമൂഹ്യപ്രവർത്തകരായ കെ എസ് സജീഷ്, വി ബി സേതുലാൽ എന്നിവരുമുണ്ടായിരുന്നു.

date