Skip to main content

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് കേരളം: മന്ത്രി എം. ബി.രാജേഷ്

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി വഴി പൂർത്തിയാക്കിയ 53 അങ്കണവാടികൾ നാടിന് സമർപ്പിച്ചു

സുതാര്യവും അഴിമതിരഹിതവും സൃഷ്ടിപരവുമായ രീതിയിൽ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് മികച്ച രീതിയിൽ നടപ്പാക്കുന്ന, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി രാജ്യത്ത് ആദ്യമായി കൊണ്ടുവരുന്ന സംസ്ഥാനമാണ് കേരളമെന്നു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പർപാടികളുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ 53 അങ്കണവാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ചേലക്കര പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് ദളപതി റോഡിലുള്ള ഇരുപത്തി മൂന്നാം നമ്പർ അങ്കണവാടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യമായി സോഷ്യൽ ഓഡിറ്റ്, ഓംബുഡ്സ്മാന്റെ പ്രവർത്തനം എന്നിവ കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക്  വേണ്ടിയുള്ള ക്ഷേമനിധി മെയ് 15 മുതൽ കേരളത്തിൽ വരികയാണ്. രാജ്യത്ത് അഴിമതി രഹിതവും സുതാര്യവുമായി സൃഷ്ടിപരമായ പ്രവർത്തനങ്ങൾ വഴി മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ് എന്നും മന്ത്രി അറിയിച്ചു.

ഇന്നാട്ടിൽ ചിലർ തൊഴിലുറപ്പിനെ പരിഹസിക്കാൻ കാരണം മധ്യവർഗത്തിന്റെ പാവപ്പെട്ടവനോട് ഉള്ള പുച്ഛമാണ്. മാലിന്യം ശേഖരിക്കാൻ വരുന്ന ഹരിതകർമ്മ സേനയോടും അതേ മനോഭാവമാണ്.  

മാലിന്യമുക്ത കേരളത്തിന് കൂടിയുള്ള സംവിധാനമായി തൊഴിലുറപ്പ് ഉപയോഗിക്കേണ്ട സാധ്യതകൾ പരിശോധിക്കുകയാണ്. പഞ്ചായത്തിലെ എല്ലാ വീട്ടിൽ നിന്നും മാലിന്യ ശേഖരണം നടത്താൻ ഹരിത കർമ്മ സേനക്ക് കഴിയണം. വലിച്ചെറിയുന്ന ശീലം അപരിഷ്കൃതമാണ്. അത് നമ്മൾ തിരുത്തണം. ഹരിത ചട്ടങ്ങൾ പാലിക്കാൻ കൂടുതൽ ജാഗ്രതയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ കുട്ടികൾ അങ്കണവാടിയിലെത്തുമെന്നും തൊഴിലുറപ്പ് പദ്ധതി വഴി നിർമ്മിച്ച അങ്കണവാടികൾ അക്കാര്യത്തിൽ വിജയിച്ചതായും മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആകെ 53 അങ്കണവാടികളാണ് ഉദ്ഘാടനം ചെയ്തത്. അതിൽ മൂന്നെണ്ണം നഗരമേഖലയിലാണ്. തൊഴിലുറപ്പ് പദ്ധതി വഴി അഞ്ചു ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വഴി 3 ലക്ഷം രൂപയും സാമൂഹ്യ നീതി വകുപ്പ് ഐ. സി. ഡി.എസ്. വഴി രണ്ടു ലക്ഷം രൂപയുമടക്കം പത്ത് ലക്ഷം രൂപയാണ് ഒരു അങ്കണവാടി നിർമ്മാണത്തിന് ചെലവഴിച്ചത്. ഇതോടെ തൊഴിലുറപ്പ് പദ്ധതി വഴി 438 അംഗൻ വാടികളുടെ നിർമ്മാണം പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

പൂർത്തിയാക്കിയ പുതിയ അങ്കണവാടിയുടെ താക്കോൽ മന്ത്രി എം. ബി. രാജേഷ് പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പട്ടിക ജാതി പട്ടിക വർഗ്ഗ ദേവസ്വം പാർലിമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം.അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ആർ മായ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കൃഷ്ണൻകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി.കൃഷ്ണൻകുട്ടി, രമണി തലച്ചിറ,നിർമ്മല രവികുമാർ, എ. കെ.ഉണ്ണികൃഷ്ണൻ , ബ്ലോക്ക് അംഗം എ. ഈ.ഗോവിന്ദൻ, ലത ഭാസ്കരൻ,  ബി. ഡി. ഒ. എ.ഗണേഷ്, ഡി. ഡി. പി. ഒ.കോമളവല്ലി, പാഞ്ഞാൾ പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ , ഡബ്ല്യു. സി. ഡി.ഓഫിസർ മീര പി. തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയരക്ടർ ഇൻ ചാർജ് വി ബാലചന്ദ്രൻ സ്വാഗതവും ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ഉഷ എം. കെ.നന്ദിയും രേഖപ്പെടുത്തി.

date