Skip to main content

ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരും - മന്ത്രി മുഹമ്മദ് റിയാസ്

 

ആശുപത്രികളിൽ സുരക്ഷിതമായ സാഹചര്യത്തിൽ ജോലി ചെയ്യുക എന്നത് കർശനമായി നടപ്പാക്കുകയെന്ന നിലപാടാണ്  സർക്കാരിനുള്ളതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ  ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ നഴ്സസ് വാരാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ ഇവിടെ വിന്യസിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റ് ആശുപത്രികളിലും പൊലീസിന്റെ പൂർണ നിരീക്ഷണം ഉറപ്പാക്കും. എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കണമെന്നും സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. മെഡിക്കൽ കോളേജ് എ.സി.പി സുദർശൻ കെ വിശിഷ്ടാതിഥിയായിരുന്നു. നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. ഗീത കുമാരി വി.പി നഴ്സ് ദിന സന്ദേശം നൽകി. എം.സി.എച്ച് സൂപ്രണ്ട് ഡോ: എം.പി ശ്രീജയൻ, ഐ എം.സി.എച്ച് സൂപ്രണ്ട് ഡോ: സി.ശ്രീകുമാർ, ചീഫ് നഴ്സിംഗ് ഓഫീസർമാരായ സുമതി വി.പി, ശ്രീജ പി.കെ, നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. 2021 ലെ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗിൽ അവാർഡ് ജേതാവ് സൂസൻ ചാക്കോയ്ക്ക് മൊമന്റോ നൽകി മന്ത്രി ആദരിച്ചു.

നഴ്സസ് വാരാഘോഷ കമ്മിറ്റി ജനറൽ കൺവീനർ പ്രജിത്ത് പി സ്വാഗതവും
ജില്ലാ നഴ്സിംഗ് ഓഫീസർ പ്രീതി പി വി നന്ദിയും പറഞ്ഞു. തുടർന്ന് നഴ്സുമാരുടെ കലാപരിപാടികളും അരങ്ങേറി.

date