Skip to main content

വെറ്റിനറി സർവകലാശാല ഉപകേന്ദ്രം മലബാറിലെ ക്ഷീരമേഖലക്ക് കുതിപ്പേകും:  മന്ത്രി ജെ ചിഞ്ചുറാണി

 

കൊയിലാണ്ടിയിൽ വെറ്റിനറി സർവകലാശാല ഉപകേന്ദ്രം   യാഥാർത്ഥ്യമാകുന്നതോടെ മലബാറിലെ ക്ഷീര മേഖലയ്ക്ക് കുതിപ്പേകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.

നടേരി വലിയ മലയിൽ സ്ഥാപിക്കുന്ന  വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല ഉപകേന്ദ്രത്തിന്റെ സ്ഥലം കൈമാറ്റവും പദ്ധതി പ്രഖ്യാപനവും ഉദ്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 
മൃഗസംരക്ഷണ മേഖലയിലെ സമഗ്ര വികസനത്തിനും വെറ്റിനറി സർവകലാശാല ഉപകേന്ദ്രങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ഗവേഷണ വിജ്ഞാന വ്യാപന കേന്ദ്രങ്ങൾ വെറ്റിനറി സർവകലാശാലയുടെ കീഴിലുണ്ട്.  അതുകൊണ്ടുതന്നെ ഈ മേഖലയിൽ ഗവേഷണ ഫലങ്ങൾ സാധാരണക്കാരായ ക്ഷീര കർഷകരിലേക്ക് പ്രചരിപ്പിക്കുന്നതിനായി കൂടുതൽ വിപുലവും ശക്തവുമായ ഒരു വിജ്ഞാന വ്യാപന സംവിധാനമായി ഉപകേന്ദ്രം മാറുമെന്നും മന്ത്രി  പറഞ്ഞു.

ധാരാളം അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽ നൽകാനും പുതിയ സംരംഭങ്ങൾ തുടങ്ങുവാനും ഉപകേന്ദ്രത്തിന് സാധ്യമാകും. കൂടുതൽ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ അതുവഴി നാട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെറ്റിനറി സർവകലാശാലയ്ക്ക് സൗജന്യമായി  നാല് ഏക്കർ  സ്ഥലം വിട്ടു നൽകിയ കൊയിലാണ്ടി നഗരസഭയെ മന്ത്രി പ്രത്യേകം പ്രശംസിച്ചു.

നബാർഡിന്റെ 10 കോടി ഫണ്ട് ഉപയോഗിച്ചാണ്  
നടേരി വലിയ മലയിൽ വെറ്റിനറി സർവകലാശാല സ്ഥാപിക്കുക. സർവകലാശാലയിലേക്കുള്ള  റോഡിനായ്  നഗരസഭ 25  ലക്ഷം ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്  അറിയിച്ചു.

ചടങ്ങിൽ  കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എംപി മുഖ്യാതിഥിയായി. വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ എം ആർ ശശീന്ദ്രനാഥ് മുഖ്യപ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തി.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, ഫാസിൽ പി പി, പി ജമാൽ മാസ്റ്റർ, എം പ്രമോദ്, വെറ്റിനറി സർവകലാശാല അക്കാദമിക് റിസർച് ഡയറക്ടർ ഡോ. സി ലത, ഡയറക്ടർ ഓഫ് എന്റർപ്രണർഷിപ്പ്  ഡോ.ടി എസ് രാജീവ്,  ലൈഫ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ ഹെഡ്, നോഡൽ ഓഫീസർ കൊയിലാണ്ടി പ്രൊജക്റ്റ് ഡോ. പ്രസാദ്  എ, ഡെപ്യൂട്ടി രജിസ്ട്രാർ, നോഡൽ ഓഫീസർ കൊയിലാണ്ടി പ്രൊജക്റ്റ് കിഷോർ കെ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ  എന്നിവർ സംസാരിച്ചു

ചടങ്ങിനോടനുബന്ധിച്ച്  ലൈഫ് സ്റ്റോക്ക്‌ റിസർച്ച് ഹെഡ് ഡോ. പ്രസാദിൻ്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്കുള്ള ക്ലാസും സംഘടിപ്പിച്ചു.

date