Skip to main content

വെൽകം ടു ജില്ലാ ജയിൽ : ശ്രദ്ധനേടി കോഴിക്കോട് ജില്ലാ ജയിലിന്റെ സ്റ്റാൾ 

 

അനുവാദം കൂടാതെ ജയിൽ കാണണോ? എങ്കിൽ നേരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികഘോഷ വേദിയിലേക്ക് വന്നാൽ മതി. കോഴിക്കോട് ജില്ലാ ജയിലിന്റെ സ്റ്റാളിലാണ് സെൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ പ്രധാന ആകർ‍ഷണമാണ് ഈ സ്റ്റാൾ. ഇവിടെ യഥാർത്ഥ സെല്ലിനെ വെല്ലുന്ന രീതിയിൽ തടവുകാർ ഉപയോഗിക്കുന്ന കട്ടിൽ‍, വസ്ത്രങ്ങൾ, പാത്രങ്ങൾ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 

അവസാനമായി തൂക്കിലേറ്റിയ റിപ്പർ ചന്ദ്രന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ പേജ് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.  കോഴിക്കോട് ജില്ലാ ജയിൽ, തിരുവനന്തപുരം സെൻട്രൽ ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ, കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ്‌ കറക്ഷൻ ഹോം എന്നിവയുടെ ചെറുമാതൃകകൾ ഇവിടെയുണ്ട്.

മുഖ്യമന്ത്രി പിണറായി  വിജയൻ 1976 ൽ എം. എൽ. എ ആയിരുന്നപ്പോൾ ജയിലിൽ നിന്ന് പരോൾ ആവശ്യപ്പെട്ട് ഹോം സ്പെഷ്യൽ സെക്രട്ടറിക്ക് അയച്ച കത്തും ജയിലിന്റെ സ്റ്റാളിൽ ഉണ്ട്‌. തടവുകാർ നിർമ്മിക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ട്‌. ഇ. എം. എസ് നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ എന്നിവരുടെ ജയിൽ സന്ദർശന കുറുപ്പിന്റെ ചിത്രവും എ.കെ ഗോപാലന്റെ ജയിൽ പ്രവേശന വിവരങ്ങളും വലിയ ഫ്രെയിമിൽ  പ്രദർശിപ്പിച്ചിട്ടുണ്ട്.

കുറ്റവാളികളെ തൂക്കിലേറ്റാന‍ുള്ള തൂക്കുമരം, കൊലക്കയർ എന്നിവയും സ്റ്റാളിലുണ്ട്. ഇവ കാഴ്ചക്കാരിൽ ജനിപ്പിക്കുന്ന കൗതുകം ചെറുതല്ല. ഓരോ കൊലക്കയറും തൂക്കുമരത്തിലേക്കെത്തുന്ന ഒരു കുറ്റവാളിക്ക് വേണ്ടി മാത്രം നിർമ്മിക്കപ്പെടുന്നതാണ്. ഒരു തവണത്തെ ഉപയോഗ ശേഷം ഇത് കത്തിച്ചു കളയും. ഇത്തരത്തിൽ ജയിലുമായി ബന്ധപ്പെട്ട് മറ്റുള്ളവർക്ക് അധികം പരിചയമില്ലാത്ത വിവരങ്ങൾ അധികൃതർ പങ്കു വെക്കും.

വിവിധ തരം ജയിലുകളുടെ പ്രത്യേകതകൾ, ശിക്ഷകൾ, തൂക്കിലേറ്റപ്പെട്ടവരുടെ വിവരങ്ങൾ, അന്തേവാസികളുടെ ദിനചര്യ, പരോൾ സംബന്ധിച്ച വിവരങ്ങളും ഇവിടെ നിന്ന് അറിയാം. ജയിലിലെ ഉൽപ്പന്ന വിപണന കേന്ദ്രത്തിന്റെ ഭക്ഷ്യോൽപ്പന്നങ്ങളും  ഇവിടെയുണ്ട്. മിതമായ നിരക്കിൽ രുചിയുള്ള ഭക്ഷണം ഇവിടെ ലഭിക്കും.

date