Skip to main content

കോഴിക്കോട് ബീച്ചിലേക്ക് ജനങ്ങൾ ഒഴുകിയെത്തി 

 

എന്റെ കേരളം പ്രദർശന വിപണന മേള ശ്രദ്ധേയമാകുന്നു 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന - വിപണന  മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. മേളയുടെ രണ്ടാം ദിനത്തിൽ  ആയിരക്കണക്കിന് ജനങ്ങളാണ് ബീച്ചിലേക്ക് ഒഴുകിയെത്തിയത്.

വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും സേവനങ്ങളും വിശദമാക്കുന്ന സ്റ്റാളുകൾ, കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക കളി സ്ഥലം, ടെക്നോ സോൺ, സ്പോർട്സ് ഏരിയ, കുടുംബശ്രീ ഫുഡ് കോർട്ട് തുടങ്ങിയവയെല്ലാം മേളയുടെ മാറ്റ് കൂട്ടുന്നു. ശീതീകരണ സംവിധാനമുള്ള പവലിയനായതിനാൽ തന്നെ ചൂടിന്റെ പ്രശ്നങ്ങളൊന്നുമില്ലാതെ മേള ആസ്വദിക്കാം.

ബീച്ചിലെ ഓപ്പൺ സ്റ്റേജിലും പവലിയനിലുമായി ദിവസവും  കലാ-സാംസ്കാരിക പരിപാടികളും സെമിനാറുകളും നടന്നുവരുന്നു.
രാവിലെ 10 മണി മുതൽ നടക്കുന്ന മേളയിലേക്കും വൈകുന്നേരങ്ങളിൽ നടക്കുന്ന കലാ സാംസ്കാരിക പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്.

വകുപ്പുകളുടെ സേവനങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാനും ഉൽപന്നങ്ങൾ വാങ്ങാനും മേളയിൽ സൗകര്യമുണ്ട്. 
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയം  ആസ്പദമാക്കി നടക്കുന്ന പ്രദർശന മേള മെയ് 18 വരെ തുടരും.

date