Skip to main content

ലഹരിക്കെതിരെ സംഗീത ലഹരിയുമായി "വിമുക്തി"

 

എന്റെ കേരളം പ്രദർശന - വിപണന മേളയിലെ എക്സൈസ് വകുപ്പിന്റെ സ്റ്റാളിൽ ഒഴുകുന്നത് സംഗീത ലഹരി. പാട്ടുപാടി ലഹരിയോട് 'നോ'പറയാൻ അവസരമൊരുക്കിയാണ് എക്സൈസ് വകുപ്പുദ്യോഗസ്ഥർ സ്റ്റാളിലേക്ക് സന്ദർശകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.   പാട്ടുകൾ പാടാൻ ആർക്കും അവസരമുണ്ട്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആതിര കൃഷ്ണ പരിപാടികൾക്ക് തുടക്കമിട്ടു. പാട്ടിനൊപ്പം താളം പിടിച്ചെത്തിയവരും സംഗീതലഹരിയിൽ പങ്കാളികളായി. 

ലഹരി വിരുദ്ധ സന്ദേശം വേറിട്ട രീതിയിൽ ജനങ്ങളിൽ എത്തിക്കുകയാണ് എക്സൈസ് വകുപ്പിന്റെ ലക്ഷ്യം. ആസക്തി ലഹരിയോടല്ല ജീവിതത്തോട് ആകട്ടെ  എന്ന സന്ദേശം ഉയർത്തി ലഹരിവസ്തുക്കളുടെ വിപത്തുകൾ തിരിച്ചറിയാനും ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് മോചിതരാകാനും സ്നേഹവും സമാധാനവും നിറഞ്ഞ ജീവിതം തന്നെയാണ് യഥാർത്ഥ ലഹരി എന്ന് തിരിച്ചറിയാനുമാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളും മുതിർന്നവരുമെല്ലാം സംഗീതത്തിലൂടെ ലഹരിയോട് നോ പറയാൻ സ്റ്റാളിൽ എത്തി.

ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുണ്ടാവുന്ന കരൾ, ഹൃദയ - മസ്തിഷ്ക രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ലഹരിക്ക് അടിമപ്പെടുന്ന കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും  കുട്ടികളുടെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ സ്റ്റാളിൽ നിന്നും ലഭിക്കും.

date