Skip to main content

ക്ഷീര മേഖലയെ അടുത്തറിയാം; മൂല്യവർധിത ഉത്പന്നങ്ങൾ പരിചയപ്പെടാം

 

ക്ഷീരവികസനവുമായി ബന്ധപ്പെട്ട് കർഷകർക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് ക്ഷീരവികസന വകുപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിലെ ക്ഷീര വികസന വകുപ്പിന്റെ സ്റ്റാളിലാണ് കർഷകർക്ക് ഉപകാരപ്രദമായ വിവരങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

ശ്രീകണ്ഠ്, രസമലായ്, രസഗുള, ഛന്ന, ഛന്ന മാർഖി തുടങ്ങിയ സാധാരണയായ്  കേട്ടു പരിചയമില്ലാത്ത എന്നാൽ മാധുര്യമേറിയ വ്യത്യസ്തങ്ങളായ പാൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് അറിയാനും പാചകകൂട്ട് മനസ്സിലാക്കാനും നിരവധിപ്പേരാണ് സ്റ്റാളിൽ എത്തുന്നത്.

ആധുനിക സൗകര്യങ്ങളോടു കൂടിയ കാലിത്തൊഴുത്തിന്റെ  വീഡിയോ  പ്രദർശനം, പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലാഭകരമായി ഫാമുകൾ എങ്ങനെ ഒരുക്കാം തുടങ്ങി യുവ കർഷകർക്ക് സഹായകമാവുന്ന നിരവധി വിവരങ്ങളും  സ്റ്റാളിലൂടെ നൽകുന്നുണ്ട്. 

കന്നുകാലികളുടെ ആഹാരക്രമം, തീറ്റക്രമം, പച്ചപ്പുല്ല് കൃഷി, കാലിത്തീറ്റയിൽ ഉൾപ്പെടുത്തേണ്ട ധാന്യങ്ങളുടെ വിവരവും പ്രദർശനവും, അസോള നിർമ്മാണം, പശുക്കളുടെ തൂക്കം നിർണ്ണയിക്കാനുള്ള ശാസ്ത്രീയ  മാർഗ്ഗം തുടങ്ങി ക്ഷീര കർഷകന് അറിയേണ്ടതായ എല്ലാ വിവരങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോഷകഗുണമുള്ള പശുക്കൾക്ക്  എളുപ്പം ദഹനം സാധ്യമാകുന്ന റെഡ് നേപ്പിയർ എന്ന പുതുതായി വികസിപ്പിച്ച   പുല്ലിനവും സ്റ്റാളിൽ പ്രത്യേകം പ്രദർശിപ്പിച്ചിട്ടുണ്ട്.

പരിശീലന പരിപാടികളുടെ വിവരങ്ങൾ, ഇതുവരെയുള്ള വകുപ്പിന്റെ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിക്കുന്ന ചിത്രങ്ങളും, കാലിത്തൊഴുത്തിന്റെ  മാതൃകയും  ഇവിടെ ഒരുക്കിയിട്ടുണ്ട്.

date