Skip to main content

ടൂറിസവും സംരംഭങ്ങളും: സെമിനാർ സംഘടിപ്പിച്ചു 

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ടൂറിസവും സംരംഭങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിനോദസഞ്ചാര വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ ഡി സെമിനാർ ഉദ്ഘാടനം ചെയ്തു. ടൂറിസം എന്നത് വരേണ്യവിഭാഗത്തിന്റെ മാത്രം പ്രവർത്തന മേഖല എന്ന അവസ്ഥ മാറ്റി ഗ്രാമീണ വികസനത്തിനും ദാരിദ്ര ലഘൂകരണത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഉപാധിയായി ടൂറിസത്തെ മാറ്റുക എന്നുള്ളതാണ്  ഉത്തരവാദിത്ത  ടൂറിസത്തിന്റെ പ്രവർത്തനങ്ങളിലെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർ  ഷൈൻ കെ.എസ് അധ്യക്ഷത വഹിച്ചു. 

ടൂറിസം മേഖലയിൽ സർക്കാർ നൽകുന്ന ഊർജ്ജം അടിസ്ഥാനമാക്കി കൂട്ടായ പ്രവർത്തനങ്ങളിലൂടെ ജില്ലയിലുള്ള ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്ന് ഉത്തരവാദിത്ത ടൂറിസം സ്റ്റേറ്റ് മിഷൻ കോർഡിനേറ്റർ കെ രൂപേഷ് കുമാർ അഭിപ്രായപ്പെട്ടു. വിവിധ ടൂറിസം സംരംഭങ്ങൾക്കുള്ള  പരിശീലനം സർക്കാർ നൽകുന്നുണ്ട്. സമ്പൂർണ്ണ വനിതാ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സർക്കാറിന്റെ നേതൃത്വത്തിൽ കേരള ടൂറിസം വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ വർഷങ്ങളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ടൂറിസത്തിൽ സാമൂഹ്യ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ കൂടുതലാണ്. ഏറ്റവും കൂടുതൽ സംരംഭങ്ങൾ കേരളത്തിൽ കൊണ്ടുവരിക എന്നുള്ളതാണ് സർക്കാർ ലക്ഷ്യമെന്നും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് പറഞ്ഞു. എൻഒസി ഒഴിവാക്കിയത് കൂടുതൽ സംരംഭം തുടങ്ങാൻ കാരണമായെന്നും   സംരംഭകർക്ക് കൃത്യമായ മാർഗനിർദേശം നൽകുന്നതിനുള്ള സൗകര്യം ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

അഡ്വഞ്ചർ ടൂറിസത്തിന് കേരളത്തിൽ വിപുലമായ സാധ്യതകളുണ്ടെന്നും അതു വഴി തദ്ദേശീയ ജനതയ്ക്ക് ജീവിത മാർഗമാകുമെന്നും സെമിനാറിൽ സംസാരിച്ച പ്രദീപ് മൂർത്തി അഭിപ്രായപ്പെട്ടു.  

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. എഡിഎം സി മുഹമ്മദ് റഫീഖ്, ഡിടിപിസി സെക്രട്ടറി നിഖിൽദാസ്,  സെമിനാർ കമ്മിറ്റി അംഗങ്ങളായ കെ.വി ശശി മാസ്റ്റർ, യു ഹേമന്ദ് കുമാർ എന്നിവർ സംസാരിച്ചു.

date