Skip to main content
ചാലക്കുടി തഹസിൽദാർ രാജു വീട്ടിലെത്തി സ്റ്റീഫന് പട്ടയം കൈമാറുന്നു

ഉദ്യോഗസ്ഥർ തുണയായി: കിടപ്പ് രോഗിയായ സ്റ്റീഫനും പട്ടയം

സ്വന്തം പുരയിടത്തിന് പട്ടയമെന്ന ജീവിതാഭിലാഷം സാക്ഷാത്കരിച്ചതിന്റെ നിറവിലാണ് കിടപ്പ് രോഗിയായ സ്റ്റീഫൻ എന്ന അറുപതുകാരൻ. രോഗിയായി പോയതിനാൽ പട്ടയപരാതിയുമായി ഓഫീസുകൾ കയറിയിറങ്ങാൻ സ്റ്റീഫന് കഴിയുമായിരുന്നില്ല. സ്റ്റീഫന്റെ ദുരിതമറിഞ്ഞ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നേരിട്ടെത്തിയാണ് പട്ടയ നടപടികൾ പൂർത്തിയാക്കിയത്.

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന  പ്രഖ്യാപിത ലക്ഷ്യം യാഥാർത്ഥ്യമാക്കാനായി റവന്യൂ വകുപ്പ് മുന്നിട്ടിറങ്ങിയപ്പോൾ താഴേക്കാട് വില്ലേജിൽ കെ കെ സ്റ്റീഫന് സ്വന്തമായത് തലമുറകൾ ആഗ്രഹിച്ച അവകാശരേഖയാണ്.

ആളൂർ, താഴേക്കാട് വില്ലേജ്, കൊരട്ടിക്കൽ വീട്ടിൽ സ്റ്റീഫന്റെ കുടുംബം വർഷങ്ങളായി ജീവിച്ചു പോരുന്ന മണ്ണിന്റെ അവകാശമാണ് പട്ടയമേളയിലൂടെ സ്വന്തമായത്. കഴിഞ്ഞ 20 വർഷമായി കിടപ്പ് രോഗിയായ സ്റ്റീഫന്റെ പിതാവ് ഉൾപ്പെടെ പട്ടയത്തിന് നേരത്തെ അപേക്ഷ നൽകിയിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ ലഭിച്ചില്ല. സ്റ്റീഫന്റെയും കുടുംബത്തിന്റെയും ദുരിതം അറിഞ്ഞ ചാലക്കുടി തഹസിൽദാർ രാജു, താഴേക്കാട് വില്ലേജ് ഓഫീസർ കെ എ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് പട്ടയ നടപടികൾ പൂർത്തിയാക്കിയത്.  സ്റ്റീഫന്റെ ഭാര്യ ലില്ലിയും (56) വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ്. ഏക മകനാണ് വീടിന്റെ ആശ്രയം. ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ച് നടപടികൾ വേഗത്തിലാക്കിയത് സ്റ്റീഫന് തുണയായി. പട്ടയമേളയുടെ ഭാഗമായി ഉദ്യോഗസ്ഥർ വീട്ടിലെത്തി സ്റ്റീഫന് പട്ടയം കൈമാറും. റവന്യൂമന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വില്ലേജ് ഉദ്യേഗസ്ഥരുടെ അശ്രാന്ത പരിശ്രമം സ്റ്റീഫനെ പോലെ നിരവധി പേരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു.

date