Skip to main content

അമരവിള-കാരക്കോണം റോഡ് നിർമാണം ഉടൻ; ടെൻഡർ നടപടികൾ പൂർത്തിയായി

പാറശാല നിയോജക മണ്ഡലത്തിലെ ഗ്രാമീണറോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യമായിരുന്ന അമരവിള-കാരക്കോണം റോഡ് നിർമാണം ഉടൻ ആരംഭിക്കും. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി പൊതുമരാമത്ത് അധികൃതർ അറിയിച്ചു.  

ഡി.എം.ബി-ബി.സി മെക്കാഡം റബറൈസ്ഡ് ടാറിങ്ങിന് പുറമേ ആവശ്യമായ സ്ഥലങ്ങളിൽ ഓടകൾ, കൾവർട്ടുകൾ എന്നിവയുടെ നിർമാണവും ജംഗ്ഷനുകളുടെ നവീകരണവും റോഡ് സുരക്ഷാ സംവിധാനങ്ങൾ, ഫുട്പാത്തുകൾ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, ബസ് ബേ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും റോഡ് പണിയുടെ ഭാഗമായി നടക്കും.

പൊതുമരാമത്ത് വകുപ്പ് റോഡുകൾ, ബിൽഡിങ്‌സ്, പാലങ്ങൾ, മെയിന്റനൻസ്, കെ.ആർ.എഫ്.ബി വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതിയും പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. നിലവിലെ നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി.

ബജറ്റിൽ ഉൾപ്പെട്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കിഫ്ബി ഫണ്ടിൽ ഉൾപ്പെട്ട ചൂണ്ടിക്കൽ ആറാട്ടുകുഴി -കൂട്ടപ്പൂ- ശൂരവക്കാണി റോഡ് നവീകരണം, കീഴാറൂർ-നെട്ടണി-അരുവിക്കര  റോഡ് നവീകരണം, അമരവിള ഒറ്റശേഖരമംഗലം റോഡ് നവീകരണം എന്നീ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങൾ ഉടൻ പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി.

date